ലോകത്ത് ആദ്യമായി ഒരുകൂട്ടം ആളുകൾ ബഹിരാകാശത്തേക്ക് ഉല്ലാസയാത്ര പോകാൻ ഒരുങ്ങുന്നു. ഒരു കൂട്ടമെന്ന് പറയുേമ്പാൾ അധികമൊന്നുമില്ല. നാലുപേരുടെ സംഘമാണ് യാത്ര പോകുന്നത്. അതിൽ ഒരാൾ ഗൈഡ് ആണ്. മറ്റ് മൂന്നുപേർക്ക് വഴികാണിക്കുകയാണ് അയാളുടെ ജോലി. ആക്സിയം സ്പെയ്സ് എന്ന അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനിയാണ് ടൂർ സംഘടിപ്പിക്കുന്നത്. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സാണ് ഇവർക്കുവേണ്ട റോക്കറ്റ് ടാക്സി നിർമിച്ച് നൽകുന്നത്.
ഒഹായോയിലെ ഡേട്ടൺ റിയൽ എസ്റ്റേറ്റ് ടെക് സംരംഭകനായ ലാറി കോനർ, കനേഡിയൻ സാമ്പത്തിക ഉപദേശകനായ മാർക്ക് പാതി, ഇസ്രായേൽ വ്യവസായി എതാൻ സ്റ്റിബ് എന്നിവരാണ് ആദ്യ വിനോദ സഞ്ചാരികൾ. ഇസ്രായേലിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഇലാൻ റാമോന്റെ അടുത്ത സുഹൃത്താണ് എതാൻ സ്റ്റിബ്. ഇലാൻ 2003ൽ നടന്ന കൊളംബിയ സ്പേയ്സ് ഷട്ടിൽ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ മൂന്നുപേരോടൊപ്പം മിഷൻ കമാണ്ടറും ഗൈഡുമായി ആക്സിയം സ്പെയ്സിലെ മൈക്കൽ ലോപ്പസും ഉണ്ടാകും. നേരത്തേ നാസയിൽ ജോലി ചെയ്തിരുന്ന ആളാണ് മൈക്കൽ ലോപ്പസ്.
യാത്ര ഐ.എസ്.എസിലേക്ക്
അൽപ്പം വിപുലമായ യാത്രാ പരിപാടികളാണ് ബഹിരാകാശ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവർ യാത്രചെയ്ത് പോകുന്നത് ഇന്റർനാഷനൽ സ്പെയ്സ് സ്റ്റേഷനിലേക്കാണ്. 12 ദിവസമാണ് മൊത്തം യാത്രക്കായി എടുക്കുക. അതിൽ നാല് ദിവസം ഭൂമിയിൽ നിന്ന് സ്പെയ്സ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രക്കായി എടുക്കും- രണ്ട് ദിവസം അങ്ങോട്ടും രണ്ട് ദിവസം ഇങ്ങോട്ടും. എട്ട് ദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കും. 'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ വിമാനമാണിത്. ഇത് മുമ്പൊരിക്കലും നടന്നിട്ടില്ല' -ആക്സിയം സ്പെയ്സിന്റെ ചീഫ് എക്സിക്യൂട്ടീവും പ്രസിഡന്റുമായ മൈക്ക് സഫ്രെഡിനി പറഞ്ഞു. നേരത്തേ വ്യക്തികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പലരും കൊണ്ടുപോയിട്ടുണ്ട്.
2001 മുതൽ റഷ്യ ഇത്തരത്തിൽ ആളുകളെ ശൂന്യാകാശത്തേക്ക് എത്തിച്ചിരുന്നു. പക്ഷേ ഒരു സ്വകാര്യ റോക്കറ്റിൽ ഒന്നിലധികം സഞ്ചാരികൾ പോകുന്നത് ഇതാദ്യമായാണ്. നാസയുടെ വിക്ഷേപണ നിലയമായ കേപ്കനാവറിൽ നിന്നാണ് സഞ്ചാരികൾ യാത്ര തിരിക്കുക. സ്പേസ് എക്സിന്റെ ഡ്രാഗൺ കാപ്സ്യൂളിലാകും ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുക. നിരവധി മാനദണ്ഡങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ ഒരാൾ സ്പെയ്സ് ടൂറിസ്റ്റ് ആകാൻ കഴിയുകയുള്ളൂ. പരിശീനത്തിനുമാത്രം 15 ആഴ്ചകൾ വേണ്ടിവരും. യാത്രികരിൽ 70 കാരനായ കോനർ ശൂന്യാകാശത്തേക്ക് പോകുന്ന പ്രായംകൂടിയ രണ്ടാമത്തെയാളാണ്. 1998 ൽ 77-ാം വയസ്സിൽ ജോൺ ഗ്ലെന്റ് ബഹിരാകാശത്ത് പോയിട്ടുണ്ട്.
ബഹിരാകാശ നിലയത്തിലേക്ക് പ്രതിവർഷം രണ്ട് സ്വകാര്യ ദൗത്യങ്ങൾ നടത്താനാണ് ആക്സിയം സ്പെയ്സ് പദ്ധതിയിടുന്നത്. 2024 മുതൽ സ്റ്റേഷനിൽ സ്വന്തമായി സ്പേയ്സ് സ്റ്റേഷനിൽ കമ്പാർട്ടുമെന്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഹോളിവുഡ് നടൻ ടോം ക്രൂസ് ഇതിനകംതന്നെ ബഹിരാകാശത്തേക്ക് ടൂറിന് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവിടെവച്ച് ഒരു സിനിമ ചിത്രീകരിക്കാനാണ് ടോമിന്റെ പ്ലാൻ.
പണം എത്ര വേണം
ഇനിയാണാ സുപ്രധാന ചോദ്യം വരുന്നത്. ബഹിരാകാശത്തേക്ക് യാത്രപോകാൻ എത്ര പണം ഒരാൾ മുടക്കണം. ആദ്യത്തെ യാത്രികരിൽ നിന്ന് ഒരാൾക്ക് 55 മില്യൺ ഡോളർ (400 കോടി രൂപ) യാണ് ഈടാക്കുന്നത്. യാത്രക്കാർ കൂടുേമ്പാൾ ചിലപ്പോൾ തുക കുറയാൻ സാധ്യതയുണ്ട് എന്നതാണ് ഒരേയൊരു പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.