താരരാജാവിനൊപ്പമുള്ളത്​ ചില്ലറക്കാരനല്ല; വൈറൽ ചിത്രത്തിലെ കിടിലൻ എസ്​.യു.വി ലാൻഡ്​റോവർ ഡിഫൻഡർ

തന്‍റെ ലുക്കും അപ്പിയറൻസും കൊണ്ട്​ ആരാധകരെ എന്നും ഞെട്ടിക്കുന്ന താരമാണ് മെഗാസ്റ്റാർ​ മമ്മൂട്ടി. യുവതാരങ്ങളേക്കാൾ ഫാഷൻ സെൻസും അപ്​ഡേഷനും ഇക്കക്ക്​ ആണെന്നാണ്​ മല്ലു ഫാൻസിന്‍റെ എപ്പോഴത്തേയും അഭിപ്രായം. കഴിഞ്ഞ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്ത ഫോട്ടോകളും പതിവുപോലെ വൈറലായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയോളംതന്നെ ശ്രദ്ധ നേടിയത്​ ഒരു വാഹനംകൂടിയായിരുന്നു. അത്​ താരം ചാരിനിന്ന ലാൻഡ്​ റോവർ വിന്‍റേജ്​ കാറാണ്​. ഈ വാഹനത്തിന്‍റെ വിശേഷങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്​.

ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന ആ വാഹനം ഒരു ലാൻഡ്​റോവർ ഡിഫൻഡറാണ്​. ദുൽഖർ സൽമാന്റെ വിന്റേജ് കളക്ഷനിൽ നിന്നാണ് കാർ വരുന്നത്​.

2012ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖർ എന്നാണ് മോട്ടർ വാഹന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ. റെഡ് ക്രോസ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു ഇത്. കോവിഡ് സമയത്താണ് ദുൽഖർ ഈ ഡിഫൻഡർ സ്വന്തമാക്കിയത്. ചെന്നൈ സൗത്​ ഈസ്റ്റ്​ ആർ.ടി.ഒയിലാണ്​ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

2.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒറിജിനൽ ലാൻഡ് റോവർ സീരീസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് രണ്ടു വർഷം മുമ്പാണ് വിപണിയിലെത്തിയത്. പുത്തൻ ഡിഫൻഡറും മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്​. താരം ഇപ്പോൾ ഏറെയും സഞ്ചരിക്കുന്നത്​ ഈ ഡിഫൻഡറിലാണ്​.

Tags:    
News Summary - stunning SUV in the viral picture of actor mammootty is Land Rover Defender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.