ലോകം ഏറിയും കുറഞ്ഞും വൈദ്യുത വാഹനങ്ങളെ ആശ്ലേഷിക്കവേ കടുത്ത തീരുമാനവുമായി ഒരു ഏഷ്യൻ രാജ്യം രംഗത്ത്. 2035ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങൾ മാത്രം വിറ്റാൽ മതിയെന്ന ദൃഡനിശ്ചയത്തിലാണ് തായ്ലൻഡ്. മലിനീകരണ തോത് പൂജ്യത്തിലെത്തിക്കുക എന്നതാണ് ഇതിലൂടെ തായ്ലൻഡ് ഭരണകൂടം ആഗ്രഹിക്കുന്നത്. 2021 മുതൽ 2030വരെയുള്ള കാലയളവിൽ രാജ്യത്തെ വാഹന രജിസ്ട്രേഷനിൽ 50 ശതമാനം വൈദ്യുത വാഹനങ്ങളാക്കുകയാണ് ആദ്യ ലക്ഷ്യം. 2035ൽ പൂർണമായും ഇ.വികൾ മാത്രമാവും രജിസ്റ്റർ ചെയ്യുക.
മലിനീകരണം കുറക്കുക എന്നതിനൊപ്പം വൈദ്യുത വാഹന നിർമാണത്തിന്‍റെ ഏഷ്യൻ ഹബ്ബായി മാറാനും പുതിയ നീക്കത്തിലൂടെ തായ്ലൻഡ് ലക്ഷ്യംവയ്ക്കുന്നുണ്ട്. 850,000 തൊഴിലാളികൾ പണിയെടുക്കുന്ന വാഹന വ്യവസായമാണ് ഇപ്പോൾ തായ്ലൻഡിലുള്ളത്. സമ്പദ്‌വ്യവസ്ഥയിൽ 10 ശതമാനവും സംഭാവന ചെയ്യുന്നതും ഓട്ടോ സെക്ടറാണ്. ഇവിടെ നിർമിക്കുന്ന കാറുകളിൽ പകുതിയോളം ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 'ലോകം വൈദ്യുത ഇന്ധനങ്ങളുടെ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് നമുക്ക് കാണാൻ കഴിയും. അതിനാൽ ഞങ്ങൾക്ക് വേഗത്തിൽ നീങ്ങേണ്ടതുണ്ട്'-തായ്ലൻഡ് ഊർജ്ജ മന്ത്രാലയത്തിന്‍റെ ദേശീയ നയ സമിതിയുടെ ഉപദേഷ്ടാവ് കവിൻ തങ്‌സുപാനിച് പറയുന്നു. പരമ്പരാഗത വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തുന്നതിന് നിശ്ചിത തീയതി പ്രഖ്യാപിച്ചതിനാൽ നിരവധി തുടർനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
ഇവികൾ കൂടുതലായി നിർമിക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് ഇതിൽ പ്രധാനം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് തായ്ലൻഡിന്റെ തീരുമാനം. 'ഇവി നയം സ്വാഭാവികമായും സംഭവിക്കാൻ ഞങ്ങൾ അനുവദിക്കുകയാണെങ്കിൽ, ഇതിന് വളരെയധികം സമയമെടുക്കും'- തായ്‌ലൻഡിലെ ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷന്‍റെ ഓണററി ചെയർമാൻ യോസപോംഗ് ലോൺവൽ പറഞ്ഞു.
'ഒരു നിർമാതാവ് എന്ന നിലയിൽ, വ്യക്തമായ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ നിക്ഷേപാന്തരീക്ഷം കൂടുതൽ ആകർഷകമാക്കുമെന്നുതന്നെയാണ് വിശ്വാസം'-അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷൻ ഓഫ് തായ്‌ലാൻഡിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ തായ്‌ലൻഡിൽ ഒരു ശതമാനം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. 2020ൽ രാജ്യത്ത് ഇവി കാർ വിൽപ്പന 1.4 ശതമാനം ഉയരുകയും പരമ്പരാഗത വാഹന വിൽപ്പന 26 ശതമാനം ഇടിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.