ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച സ്ക്രാപ്പേജ് പോളിസി അഥവാ കണ്ടംചെയ്യൽ നയത്തെപറ്റി വാഹനലോകം ഇപ്പോഴും ചർച്ചയിലാണ്. പോളിസി നടപ്പിൽ വരുന്നതോടെ നിരവധി നടപടിക്രമങ്ങൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഴയ വാഹനങ്ങൾ റോഡുകളിൽ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രം സ്ക്രാപ്പേജ് സ്കീം അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ 50 ലക്ഷത്തോളം വാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിതന്നെ പറയുന്നു.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിടും. 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന കേവല നിർദേശം മാത്രമാണ് ധനമന്ത്രി പറഞ്ഞുപോയതെങ്കിലും വിപുലമായ നടപടിക്രമങ്ങൾ ഇതിനുണ്ടാകും എന്നും സൂചനയുണ്ട്. മറ്റ് രാജ്യങ്ങളുടെ മാതൃകയിൽ വാഹനം ഉപേക്ഷിക്കുന്നവർക്കായി പ്രത്യേക പദ്ധതികൾ ഏർപ്പെടുത്തുമോയെന്നും കണ്ടറിയണം. കഴിഞ്ഞയാഴ്ച റോഡ് ഗതാഗത മന്ത്രാലയം പഴയ വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ റോഡ് ടാക്സിന്‍റെ 10-25% വരെ ഈടാക്കും. വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് പരിശോധനയ്ക്കും വിധേയമാക്കും. ഫിറ്റ്നസിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുകയുമില്ല. 'എന്‍റെ അഭിപ്രായത്തിൽ വാഹനം ഉപേക്ഷിക്കുന്നവർക്ക് ഇൻസെന്‍റീവ് നൽകേണ്ടതുണ്ട്. ഇത്തരമൊരു പ്രോത്സാഹനം ആവശ്യമാണെന്ന് സർക്കാരിലെ ബന്ധപ്പെട്ട വകുപ്പിന് ന്യായമായും ബോധ്യമുണ്ടെന്നാണ് കരുതുന്നത്'- മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.
വാഹന വില കുറയുമോ?
പഴയ വാഹനങ്ങൾ വൻതോതിൽ നശിപ്പിക്കുന്നതോടെ ധാരാളം രണ്ടാംതരം ലോഹങ്ങൾ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇത് വാഹനവില കുറക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ ഉരുക്ക് വില കുറച്ചതും വിലക്കയറ്റം ഒഴിവാക്കാൻ സഹായിക്കും. പലതരം സ്റ്റീലുകളുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നത് വാഹന നിർമാതാക്കൾക്ക് ആശ്വാസകരമാണ്. 2021 തുടക്കത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്. നിർമാണ ചെലവ് വർധിക്കുന്നതിനാൽ ഇനിയും വില വർധിപ്പിക്കണമെന്ന തീരുമാനത്തിലുമാണ് മിക്ക കമ്പനികളും. സ്റ്റീൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണിപ്പോൾ. 2020നെ അപേക്ഷിച്ച് 60 ശതമാനംവരെയാണ് സ്റ്റീൽ വില കുതിച്ചുകയറിയത്.
ആഢംബര കാറുകൾക്ക് വിലകൂടും
ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്നതിന് ഇലക്ട്രിക്കൽ, ഗ്ലാസ്, എഞ്ചിൻ ഘടകങ്ങൾ തുടങ്ങി വാഹന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ധനമന്ത്രി ഉയർത്തിയിട്ടുണ്ട്. അതിനാൽ ആഢംബര കാറുകൾക്ക് വിലകൂടാനാണ് സാധ്യത. കുറഞ്ഞത് 1.5 ലക്ഷം രൂപ വരെ ലക്ഷ്വറി വാഹനങ്ങളുടെ വിലവർധനയാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പ്രാദേശികവൽക്കരണം കാരണം ആഭ്യന്തര മോഡലുകളിൽ ഇതുണ്ടാക്കുന്ന ആഘാതം കുറവായിരിക്കും. 'കോവിഡ് കഴിഞ്ഞ് വാഹനലോകം പുനരുജ്ജീവന പാതയിലുള്ളപ്പോൾ ഇത്തരമൊരു നയം അപ്രതീക്ഷിതമാണ്. ഇത് ഉത്പാദനച്ചെലവ് വർധിപ്പിക്കും' -രാജ്യത്തെ ഏറ്റവും വലിയ ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.
വർധിച്ചുവരുന്ന നിർമാണചെലവും പ്രതികൂല സമ്പദ്വ്യവസ്ഥയും കാരണം മിക്കവാറും എല്ലാ ആഢംബര കാർ നിർമാതാക്കളും ജനുവരിയിൽ വാഹന വില 2-4 ശതമാനം വർധിപ്പിച്ചിരുന്നു. 'ചില ഓട്ടോ പാർട്‌സുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തുന്നത് കാറുകളുടെ ഉത്പാദന ചെലവും വിലയും വർധിപ്പിക്കും. ഇത് പ്രത്യേക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പല ഘടകങ്ങളും പ്രാദേശികമായി നിർമിക്കാൻ കഴിയില്ല' -ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുരുപ്രതാപ് ബോപരായ് പറഞ്ഞു.
സെക്കന്റ്ഹാൻഡ് വിപണി തകരും
കണ്ടംചെയ്യൽ നയവും ഹരിത നികുതിയും കാരണം ഉപയോഗിച്ച കാറുകളുടെ വില ഇടിയുമെന്നത് ഏതാണ്ട് തീർച്ചയാണ്. 15 വർഷം കഴിഞ്ഞശേഷം കർശനമായ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ വ്യവസ്ഥയ്ക്ക് വിധേയമാകുന്നതോടെ സെക്കൻഡ്ഹാൻഡ് കാർ വിപണി വലിയ പ്രതിസന്ധിയിലാകും. ഫിറ്റ്‌നെസ് ടെസ്റ്റുകൾക്കായി കാറുകളിൽ വിലയേറിയ നിരവധി ഭാഗങ്ങൾ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇത് ഉപയോഗിച്ച കാറുകളോടുള്ള ഉപഭോക്തൃ താൽപ്പര്യം ഇല്ലാതാക്കുമെന്ന് ഓട്ടോമോട്ടീവ് ബിസിനസ് ഇന്‍റലിജൻസ് സ്ഥാപനമായ ജാറ്റോ ഡൈനാമിക്സ് പ്രസിഡന്‍റ് രവി ഭാട്ടിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.