പാതിയിൽ മുറിഞ്ഞ്​ പജേറൊയെന്ന സ്വപ്​നം; വിടവാങ്ങുന്നത്​ എസ്​.യു.വികളിലെ അതികായൻ

ജേറൊ, ചുവപ്പിലും വെളുപ്പിലും നമ്മെ സ്വപ്​നം കാണാൻ പ്രേരിപ്പിച്ച വാഹനം. മിത്​സുബുഷിയെന്ന അസ്​ഥിത്വത്തിനും അപ്പുറത്തേക്ക്​ വളർന്ന കരുത്തൻ. 2021 മുതൽ പജേറൊ നിർമിക്കേണ്ടതില്ലെന്ന മിത്​സുബുഷിയുടെ തീരുമാനം ഒരുപാട്​ ഹൃദയങ്ങളെ തകർക്കുന്നുണ്ട്​.

എല്ലാവരാലും സ്​നേഹിക്കപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്​ത ഒന്നായിരുന്നില്ല പജേറൊ. തന്നെ അറിഞ്ഞവരെ മോഹവലയത്തിലാക്കിയ ഗന്ധർവ്വനായിരുന്നു ഇയാൾ. എല്ലാവരും പജേറൊയിലേക്ക്​ അടുത്തിരുന്നില്ല. കൂടുതൽപേരും അകലെനിന്ന്​ കണ്ടു. പജേറോയിൽ വന്നിറങ്ങുന്നവരെ ഒരൽപ്പം ഭയത്തോടെയും ആരാധനയോടെയും നോക്കുന്ന കണ്ണുകൾ ഏറെയായിരുന്നു. സിനിമകളിൽ ഇവർ വില്ലന്മാരുടെ പ്രിയ വാഹനമായിരുന്നു. കുതിച്ചുവന്ന്​ ടയറുകൾ നിലത്തുരച്ച്​ നിർത്തി ചാടിയിറങ്ങുന്ന മുടിവളർത്തിയ തീഷ്​ണമായ കണ്ണുള്ള മനുഷ്യരെ നായകനൊഴിച്ച്​ എല്ലാവർക്കും. പേടിയായിരുന്നല്ലൊ. 

ഡെക്കാറിലെ വീരൻ
വാഹനലോകത്ത്​ ചില അലിഖിത നിയമങ്ങളുണ്ട്​. ലോകം അംഗീകരിക്കുന്ന നിർമാതാക്കളാകണമെങ്കിൽ നിങ്ങൾ ചില പരീക്ഷകൾ പാസാകണം. റാലികൾ എന്നാണീ പരീക്ഷണങ്ങൾ അറിയ​െപ്പടുന്നത്​. മലയാളത്തിൽ ഒാട്ടമത്സരങ്ങൾ എന്ന്​ പറയാം. വേഗത, ക്ഷമത, കരുത്ത്​ എന്നിവ പരീക്ഷിക്കുന്ന നിരവധി റാലികളും റേസുകളും ലോകത്തുണ്ട്​. ഇതിലൊന്നാണ്​ ഡെക്കാർ റാലി.

യൂറോപ്പി​​​െൻറ സ്വർഗമായ പാരീസിൽ നിന്നാരംഭിച്ച്​ ആഫ്രിക്കയിലൂടെ 20ഒാളം രാജ്യങ്ങൾ പിന്നിട്ട്​ 8000 കിലോമീറ്റർ താണ്ടുന്ന ​െഎതിഹാസിക റാലിയാണ്​ ഡെകാർ. ഒരു ദിവസം 800-900 കിലോമീറ്റർ ​സഞ്ചരിക്കണം. ലോകത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ പ്രതലമായ സഹാറയിലൂടെയാണ്​ റാലി കടന്നുപോകുന്നത്​. മണ്ണും മണലും ചെളിയും കാടും മേടും മരുഭൂമിയുമെല്ലാം ഇതിനിടയിൽ താണ്ടണം.

ഡെക്കാറിലെ വീരനായിരുന്നു ഒരുകാലത്ത്​ പജേറൊ. 1985ലാണ്​ ആദ്യമായി പജേറൊ കാറുകളുടെ വിഭാഗത്തിൽ  ഡെക്കാർ ജയിക്കുന്നത്​. 92ലും 93ലും വീണ്ടും വിജയിച്ചു. 97ലും 98ലുമായിരുന്നു തുടർവിജയം. 2001മുതൽ 2007വരെ ഡെക്കാറിൽ പജേറൊയുടെ ജൈത്രയാത്രയായിരുന്നു. ഇവിടെ നിന്നാണ്​ കരുത്തനിൽ കരുത്തനെന്ന പ്രതിഛായ പജേറൊയെ തേടിയെത്തുന്നത്​. 

റഫ്​ ആൻഡ്​ ടഫ്​
നാമിന്ന്​ കാണുന്ന ഫാൻസി എസ്​.യു.വികളുണ്ടല്ലൊ. മനുഷ്യരുടെ എസ്​.യു.വിയെന്ന സ്വപ്​നം പൂവണിയിക്കാൻ വാഹനകമ്പനികൾ കാറുകളെ മേക്കപ്പൊ​െക്ക ഇട്ട്​ ഇറക്കുന്ന കുഞ്ഞൻ വാഹനങ്ങൾ, ഇതായിരുന്നില്ല പജേറൊ. ഫോർവീലിൽ കാടും മേടും താണ്ടുന്ന, ലാഡർഫ്രെയിം ഷാസിയിൽ ആടിയുലഞ്ഞ്​ അരക്കൊപ്പം വെള്ളത്തിൽ നീന്തിക്കയറുന്ന ഒന്നാന്തരം സ്​പോർട്​സ്​ യൂട്ടിലിറ്റി വാഹനമാണിത്​. അകത്തും പുറത്തും ഒരുപാട്​ സുഖസൗകര്യങ്ങൾ പജീറൊ നൽകിയിരുന്നില്ല. ഒരുങ്ങിയിറങ്ങു​േമ്പാൾ ഒന്ന്​ പൗഡർ പോലും ഇടാൻ കൂട്ടാക്കാത്ത മെരുങ്ങാത്ത ചിരിക്കാത്ത മനുഷ്യരോടാണിതിനെ താരതമ്യം ചെയ്യാനാകുന്നത്​.

വശങ്ങളിൽ എ​ഴുതിവച്ച പജേറൊ എന്ന പേര്​, വലിയ ഗ്രില്ലുകൾ, സ്​കിഡ്​ പ്ലേറ്റ്​. ബോണറ്റിലെ എയർ ഇൻടേക്ക്​, പിറകിൽ പിടിപ്പിച്ച സ്​പെയർ വീലും ഉയരത്തിലേക്ക്​ ചവിട്ടിക്കയറാൻ പടികളുമൊക്കെയായിരുന്നു ഇതിലെ ആഢംബരം. ഉള്ളിലെത്തിയാൽ തുളവീണ ഹെഡ്​റെസ്​റ്റുകൾ, പ്ലാസ്​റ്റിക്കുകൊണ്ടുണ്ടാക്കിയ വിവിധ വാഹന ഭാഗങ്ങൾ, പൊടിക്ക്​ വുഡ്​ ഫിനിഷ്​ ഇതൊക്കെയായിരുന്നു ലക്ഷ്വറി.

പ​ജേറൊ നൽകുന്ന ചില ടെക്​നിക്കൽ ഫീച്ചറുകൾ രസകരമായിരുന്നു. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം അറിയാൻ ആൾട്ടി മീറ്റർ, അന്തരീക്ഷ മർദം അളക്കുന്നതിന്​ ബ​ോരാ മീറ്റർ, താപനില അറിയാൻ തെർമൊ മീറ്റർ എന്നിവയടങ്ങിയ മൾട്ടി മീറ്ററായിരുന്നു ഇതിൽ പ്രധാനം. അതെ, മരുഭൂമികളും മലകളും താണ്ടുകയായിരുന്നു പ​ജേറോയുടെ ദൗത്യം. ​

റോഡുകളല്ല കാടുകളാണിവ​​​െൻറ ഇഷ്​ട താവളമെന്ന്​ സാരം. ആദ്യമൊക്കെ പജേറൊ പൂർണ്ണമായും ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട്​ ഇന്ത്യയിൽ വാഹനഭാഗങ്ങൾ എത്തിച്ച്​ കൂട്ടിയോജിപ്പിക്കാൻ തുടങ്ങി.

ഒരു യുഗം അവസാനിക്കുന്നു
1982ൽ ആരംഭിച്ച പജേറൊ യുഗം 2020ൽ അവസാനിക്കുകയാണ്​. 38 വർഷം നീണ്ട യാത്ര ജപ്പാനിൽ ഇപ്പോൾതന്നെ നിലച്ചിട്ടുണ്ട്​. മിത്​സുബുഷി ജപ്പാനിൽ പജേറോ വിൽപ്പന അവസാനിപ്പിച്ചു. വിദേശ രാജ്യങ്ങൾക്കുവേണ്ടി കുറഞ്ഞ അളവിൽ വാഹനം നിർമിക്കുന്നുണ്ടെന്ന്​ മാത്രം. 2021ൽ അതും അവസാനിക്കും. വിൽപ്പന ഇടിഞ്ഞതും ചെലവുകുറയ്​ക്കൽ നീക്കവുമാണ്​ പജേറൊ വിൽപ്പന നിർത്താൻ കാരണം.

റെ​നൊ-നിസാൻ-മിത്​സുബുഷി എന്നിവർ ഇപ്പോൾ ഒരുമിച്ചാണ്​ വാഹന വ്യവഹാരങ്ങൾ നടത്തുന്നത്​. 100ബില്യൺ ഡോളറി​​​െൻറ ചിലവുകുറയ്​ക്കൽ പരിപാടികൾക്കാണ്​  ഇവർ പദ്ധതിയിടുന്നത്​. നാല്​ തലമുറ വാഹനങ്ങളാണ്​ പജേറൊ ഇതുവരെ പിന്നിട്ടത്​.  70 രാജ്യങ്ങളിൽ വിറ്റഴിച്ചു. നഷ്​ടപ്പെടുന്നത്​ വിശ്വസിക്കാനാവുന്നൊരു സുഹൃത്തിനെയാണ്​. ഏത്​ പ്രതിസന്ധിയിലും കൈവിടില്ലെന്ന്​ ഉറപ്പുള്ള കൂട്ടുകാരനെ. വേദനയോടെയാണെങ്കിലും ഇൗ കരുത്തനോട്​ വിടപറയാതിരിക്കാൻ നമ്മുക്ക്​ ആവില്ലല്ലൊ. സയോനാര പജേറോ സ​യോനാര... 

Tags:    
News Summary - MITSUBISHI TO DISCONTINUE THE PAJERO IN 2021 TO QUELL LOSSES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.