? 1991നു ശേഷം ആദ്യമായാണ് എൽ.ഡി.എഫ് ഒരു തുടർഭരണ സാധ്യത നേരിടുന്നത്. അന്നത്തേതും ഇന്നത്തേതും തമ്മിൽ അനുകൂലവും പ്രതികൂലവുമായ എന്തെല്ലാം രാഷ്ട്രീയ സാഹചര്യമാണ് സി.പി.എം കാണുന്നത്?
തുടർഭരണ സാധ്യത 1991ൽ മാത്രമായിരുന്നില്ല, 2011ലും ഉണ്ടായിരുന്നു. അന്നാണ് ഞങ്ങൾ വിജയത്തിന് അടുത്തെത്തി പരാജയപ്പെട്ടത്. 2011ൽ 68 സീറ്റ് എൽ.ഡി.എഫിന് കിട്ടി. യു.ഡി.എഫിന് 72 ഉം. നാലു മണ്ഡലങ്ങളിൽ പരാജയപ്പെട്ടത് 400ൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിനാണ്. 1990ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ 13ലും ഇടതുപക്ഷം ജയിച്ചു. എൽ.ഡി.എഫ് ജയിക്കും എന്ന വിശ്വാസം വന്നു. കാലാവധി പൂർത്തിയാവുന്നതിന് ഒരു വർഷം മുേമ്പ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ഇ.കെ. നായനാർ സർക്കാർ നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം സ്ഥിതിഗതികൾ മാറി. രാജീവ് ഗാന്ധി വധത്തോടെ വന്ന മാറ്റമാണ് തുടർഭരണ സാധ്യത നഷ്ടമാക്കിയത്. ഇത്തവണ അത്തരം സ്ഥിതിവിശേഷം ഒന്നുമില്ല. മാത്രമല്ല, തുടർഭരണം എന്ന മുദ്രാവാക്യംതന്നെ രൂപപ്പെടുത്തുന്നത് എൽ.ഡി.എഫല്ല. ജനങ്ങളാണ്.
? കേരളത്തിൽ സി.പി.എം ഇന്ന് വ്യക്തികേന്ദ്രീകൃത പാർട്ടിയായി മാറിയെന്ന നിരീക്ഷണമുണ്ട്. എൽ.ഡി.എഫ് സർക്കാർ എന്നല്ല പിണറായി സർക്കാർ എന്നാണ് പറയുന്നത്. വി.എസിനെയും പി. ജയരാജനെയും കേന്ദ്രീകരിച്ചുണ്ടായ വ്യക്തിപ്രഭാവം തള്ളിക്കളഞ്ഞ സി.പി.എമ്മിൽ ഇതൊരു വൈരുധ്യമല്ലേ?
എൽ.ഡി.എഫിന് തുടർഭരണം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സി.പി.എം വ്യക്തികേന്ദ്രീകൃത പാർട്ടിയല്ല, കൂട്ടായ നേതൃത്വമുള്ള പാർട്ടിയാണ്. അതിൽ എപ്പോഴും ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കും. നേരത്തെ വി.എസ് ആയിരുന്നു. അന്ന് വി.എസിെൻറ വ്യക്തിപ്രഭാവത്തിൽ പാർട്ടി വെല്ലുവിളി നേരിടുന്നുവെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. അതിനു മുമ്പ് ഇ.കെ. നായനാർ, ഇ.എം.എസ് ഒക്കെയുണ്ടായിരുന്നു, നായകരായി. പക്ഷേ, കൂട്ടായ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നത്.
? തുടർഭരണ ലക്ഷ്യത്തിനായി അവതരിപ്പിക്കുന്നത് സർക്കാറിെൻറ വികസന നേട്ടം, ക്ഷേമ നടപടികൾ, ദുരന്തമുഖത്തെ ഇടപെടൽ ഒക്കെയാണ്. എന്നാൽ, മറുവശത്ത് സ്പ്രിൻക്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള ആരോപണങ്ങളാണ്. ധനമൂലധന ശക്തികളുമായുള്ള ഒത്തുചേരൽ ആക്ഷേപമുണ്ട്. മാവോവാദി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മുതൽ ലോക്കപ്പ് കൊലപാതകം വരെ ഒരു ഇടതുപക്ഷ സർക്കാറിെൻറ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ഇൗ അഞ്ചു വർഷം നടന്നു?
ധനമൂലധന ശക്തികൾക്ക് സ്വൈരവിഹാരം സാധിക്കാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൊടുത്തതിനെ എതിർത്തത് എൽ.ഡി.എഫ് സർക്കാറാണ്. കേരളത്തിൽ വിൽപനക്കു വെച്ച ഒരു പൊതുമേഖല സ്ഥാപനവും സ്വകാര്യ മേഖലക്ക് കൊടുക്കാൻ കഴിഞ്ഞില്ല. അതു ഞങ്ങൾ നടത്താമെന്നാണ് ഇവിടത്തെ സർക്കാർ പറഞ്ഞത്.
മാവോവാദികൾ പൊതുധാരയിലേക്ക് വരണമെന്ന നിലപാട് സ്വീകരിച്ച പ്രസ്ഥാനവും ഗവൺമെൻറുമാണ് കേരളത്തിലെ ഇടതു മുന്നണി. മാവോവാദം ഒരു ആശയമാണ്. അതിനെ ആശയംകൊണ്ടാണ് നേരിടേണ്ടത്. ഏറ്റുമുട്ടൽ നടത്തി മാവോവാദികളെ ഇല്ലാതാക്കുക സി.പി.എമ്മിെൻറയോ ഇടതുപക്ഷത്തിെൻറയോ നയമല്ല. ക്രമസമാധാനം പൊലീസിെൻറ ഉത്തരവാദിത്തമാണ്. പൊലീസിനെ മാവോവാദികൾ മാത്രമല്ല, സി.പി.എമ്മുകാരും ഏതു പാർട്ടിക്കാരും ആക്രമിച്ചാൽ പൊലീസിെൻറ ഭാഗത്തുനിന്ന് ആക്ഷനുണ്ടാവും.
സ്പ്രിൻക്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെ ഇടക്കാലത്തുണ്ടായ വിവാദങ്ങൾ വന്ന ഉടനെ കാര്യങ്ങൾ മനസ്സിലാക്കി അത് റദ്ദാക്കി. അതിനെ ന്യായീകരിച്ച് നിന്നില്ല. ഗവൺമെൻറ് പ്രവർത്തിക്കുേമ്പാൾ ചിലപ്പോൾ തെറ്റുകൾ സംഭവിക്കും. അത് തെറ്റാണെന്ന വിമർശനം ഉണ്ടാവുേമ്പാൾ മാറിച്ചിന്തിച്ചു.
? ഇടതുപക്ഷ നയത്തിന് വിരുദ്ധമായി എൽ.ഡി.എഫ് സർക്കാർ യു.എ.പി.എ പ്രയോഗിച്ച നടപടി ദേശീയ തലത്തിൽ ഇടതു കക്ഷികളിൽനിന്നുതന്നെ വിമർശനത്തിന് ഇടയാക്കി. സി.പി.എം അംഗങ്ങളായ രണ്ടു വിദ്യാർഥികൾ വരെ ഇതിന് ഇരയായി. സി.പി.എം നയത്തിന് വിരുദ്ധമായ നടപടി എങ്ങനെയുണ്ടായി?
യു.എ.പി.എ ഏതു സംസ്ഥാനത്ത് പ്രയോഗിക്കുന്നതിനെയും എതിർക്കുന്നവരാണ് ഞങ്ങൾ. യു.ഡി.എഫ് ഗവൺമെൻറിെൻറ കാലത്ത് യു.എ.പി.എക്ക് ഇരയായവരാണ് ഞങ്ങൾ. കോഴിക്കോെട്ട രണ്ടു വിദ്യാർഥികൾ സി.പി.എമ്മുകാരൊന്നുമല്ല, സി.പി.എമ്മിനുള്ളിൽ പ്രവർത്തിച്ച് മാവോവാദ പ്രവർത്തനം നടത്തുകയായിരുന്നു. ഒരു പാർട്ടിയിൽനിന്ന് മറ്റൊരു പാർട്ടി പ്രവർത്തനം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ, അവരുടെ പേരിൽ യു.എ.പി.എ ചുമത്തിയതിന് ഞങ്ങൾ എതിരാണ്. അതു മനസ്സിലായപ്പോൾ ഗവൺമെൻറുതന്നെ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. അതിനിടയിലാണ് കേസ് എൻ.െഎ.എ ഏറ്റെടുത്തത്. അതോടെ സംസ്ഥാന സർക്കാറിന് ഇടപെടാൻ സാധിക്കാത്ത സ്ഥിതിവന്നു.
? പ്രചാരണ വിഷയങ്ങളിലൊന്നായ ശബരിമല യുവതീപ്രവേശനത്തിൽ സി.പി.എമ്മിെൻറ നിലപാട് എന്താണ്?
ശബരിമല യുവതീപ്രവേശനമായാലും ഏതു ക്ഷേത്രത്തിെൻറയും പള്ളിയുടെ കാര്യമായാലും സി.പി.എം നിലപാട് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്നതാണ്. ശബരിമല സംബന്ധിച്ച് ഒരു തീരുമാനവും ഗവൺമെൻറ് എടുത്തിട്ടില്ല. സുപ്രീംകോടതിയുടെ വിധിയാണത്. ഏതു വിധിയും നടപ്പാക്കാനുള്ള ബാധ്യത ഗവൺെമൻറിനുണ്ട്. അതിനു ശ്രമിച്ചപ്പോൾ നടപ്പാക്കുന്ന സന്ദർഭത്തിൽ കുറച്ച് പ്രശ്നം ഉയർന്നുവന്നു. പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലായപ്പോൾ സർക്കാർതന്നെ അതിങ്ങനെ നടപ്പാക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചു.
വിശ്വാസ പ്രമാണങ്ങളുമായി ബന്ധപ്പെട്ട കാര്യം അടിച്ചേൽപിക്കേണ്ട കാര്യമല്ലെന്ന വ്യക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടാണ് ഞങ്ങൾ സുപ്രീംകോടതി വിധി വന്നാലും സ്വീകരിക്കാൻ പോകുന്നത്.
? പക്ഷേ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത് ശബരിമല യുവതീപ്രവേശനം ഭരണഘടനയിലെ മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് എന്നാണ്?
ഭരണഘടന വ്യഖ്യാനിച്ചിട്ടാണല്ലോ സുപ്രീംകോടതി നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിധി നടപ്പാക്കുേമ്പാൾ ഉണ്ടാവുന്ന പ്രശ്നമാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസസമൂഹത്തിെൻറ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നിലപാട് വേണ്ട എന്ന നിലപാട് കേരളത്തിലെ ഗവൺമെൻറ് സ്വീകരിച്ചു കഴിഞ്ഞു. അത് ഖണ്ഡിതമാണ്.
? െചങ്ങന്നൂരും ആറന്മുളയിലും വിജയിക്കാൻ കോന്നിയിൽ കെ. സുരേന്ദ്രെൻറ വിജയത്തിനായി ബി.ജെ.പിയുമായി സി.പി.എം ഡീൽ ഉറപ്പിച്ചുവെന്ന 'ഒാർഗനൈസർ' മുൻ പത്രാധിപരുടെ ആരോപണത്തിന് എന്താണ് മറുപടി?
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലെന്ന് പറയാൻ കേരളത്തിൽ ആർക്കാണ് സാധിക്കുക? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ് സി.പി.എം. അത് രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. സി.പി.എമ്മിന് ഒരിക്കലും ആർ.എസ്.എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാൻ സാധിക്കുകയില്ല. മത രാഷ്ട്രമാണ് അവർ ഉന്നയിക്കുന്ന മുദ്രാവാക്യം. അത്തരം മതമൗലിക വാദികളുമായി ഞങ്ങൾക്ക് യോജിക്കാനേ സാധിക്കില്ല.
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ മുൻകൈയെടുത്ത് സോഷ്യലിസ്റ്റ് പാർട്ടിയെയും സ്വതന്ത്ര പാർട്ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച് ജനതാപാർട്ടിയാക്കി. അവരുമായി ഞങ്ങൾ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോൾ സി.പി.എം നിലപാട് മാറ്റി. ആർ.എസ്.എസ് ഉൾക്കൊള്ളുന്ന പാർട്ടിയുമായി ബന്ധം വിേച്ഛദിക്കണമെന്ന നിലപാട് സ്വീകരിച്ചു. 1979ൽ തലശ്ശേരിയടക്കം നാല് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആർ.എസ്.എസിെൻറ വോട്ട് ഞങ്ങൾക്ക് വേണ്ട എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സി.പി.എമ്മിന് ഇപ്പോഴുമുള്ളത്. ആർ.എസ്.എസുമായി ചേർന്ന് ഞങ്ങൾക്ക് ഒരു സീറ്റും കേരളത്തിൽ ജയിക്കേണ്ട കാര്യമില്ല.
1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോലീബി സഖ്യം ഉണ്ടാക്കിയത് ഇടതുപക്ഷത്തിെൻറ തുടർഭരണം അട്ടിമറിക്കാനാണ്. അന്ന് രാജീവ് ഗാന്ധി കൊലെചയ്യപ്പെട്ടിട്ടുപോലും ഇൗ സഖ്യം വിജയിച്ചില്ല.
? പക്ഷേ, ഇൗ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലടക്കം സി.പി.എം, സി.പി.െഎ ജില്ല, പ്രാദേശിക നേതാക്കൾ എൻ.ഡി.എ സ്ഥാനാർഥികളായി മാറി?
കമ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും അവസരവാദികളുണ്ടാവും. ഇൗ വഞ്ചകന്മാർ ഇൗ നിലപാട് സ്വീകരിക്കുന്നതോടെ കമ്യൂണിസ്റ്റുകൾ അല്ലാതായിക്കഴിഞ്ഞു. കമ്യൂണിസ്റ്റുകാരൻ മോശമായാൽ, കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.
? യു.ഡി.എഫിനെ നയിക്കുന്നത് അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണെന്ന താങ്കളുടെ പ്രസ്താവന സി.പി.എം ഇസ്ലാംഭീതി സൃഷ്ടിക്കുന്നുവെന്ന ആക്ഷേപത്തിന് ഇടയാക്കി?
സി.പി.എം ഒരിക്കലും ഇസ്ലാം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമല്ല. യു.ഡി.എഫ്, ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് -ഇവരുടെ സഖ്യം വന്നാൽ ഉണ്ടാവാൻ പോവുന്ന പ്രതികരണമെന്താകുമെന്ന് ഞങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തു. അങ്ങനെ ഒരു സഖ്യം വരുന്നത് ഒരു മതത്തിെൻറ ധ്രുവീകരണത്തിലേക്ക് ചെന്നെത്തിനിൽക്കും. അത് ആർ.എസ്.എസാണ് മുതലെടുക്കുക. ഹിന്ദുത്വ ശക്തികൾക്ക് വളമാകും. ഇൗ ആപത്ത് തുറന്നുകാണിക്കാൻ വേണ്ടിയുള്ള വിമർശനത്തിന് ഗുണമുണ്ടായി. കോൺഗ്രസിന് അകത്തുതന്നെ വെൽെഫയർ പാർട്ടി സഖ്യത്തിന് എതിരായി പ്രതികരണമുണ്ടായി. അത്തരം പ്രതികരണം വരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ വിമർശിച്ചത്.
? മുസ്ലിം ന്യൂനപക്ഷത്തെ അന്യവത്കരിക്കുകയും ഭീതിപ്പെടുത്തി മൃദുഹിന്ദുത്വ വോട്ട് വാങ്ങി സി.പി.എം ഒരു ഹിന്ദുപാർട്ടിയായി മാറുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം?
മുസ്ലിം ജനവിഭാഗത്തെ പാർട്ടിയിൽനിന്ന് അകറ്റിനിർത്താൻ ഞങ്ങൾ മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. അത് പണ്ടത്തെ പോലെ ഏശുന്നില്ല. ഞങ്ങൾ എവിടെയായാലും ന്യൂനപക്ഷ സംരക്ഷകരാണ്. അത് വോട്ട് കിട്ടാനല്ല. വോട്ട് ചെയ്യണോ വേണ്ടേ എന്ന് അവരാണ് തീരുമാനിക്കേണ്ടത്.
? ഇന്നുവരെയില്ലാത്ത തരത്തിലാണ് സി.പി.എമ്മിനും സംസ്ഥാന സെക്രട്ടറിയായ താങ്കൾക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉയർന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയതിൽ വ്യക്തിപരമായ വിഷമമുണ്ടോ?
കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ പല സ്ഥലത്ത് പ്രയോഗിച്ചിട്ടുള്ള തന്ത്രമാണ് ഇവിടെയും പ്രയോഗിക്കുന്നത്. സ്വാഭാവികമായും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾക്ക് എതിരായി ആരോപണം ഉന്നയിക്കും. അതിെൻറ ഭാഗമായി കുടുംബാംഗങ്ങളെ പോലും വേട്ടയാടുകയാണ്. ബിനീഷിനെതിരായി ഒരു കഥയുണ്ടാക്കി. എല്ലാവരും കരുതിയത് മയക്കുമരുന്ന് കേസിൽ പെട്ടുവെന്നാണ്. രാജ്യം മുഴുവൻ പ്രചരിപ്പിച്ചു. ഇപ്പോൾ കേസന്വേഷിച്ച് കുറ്റപത്രം കൊടുത്തപ്പോൾ ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയേ അല്ല. ഇപ്പോൾ മണി േലാണ്ടറിങ് ആക്ട് പ്രകാരം കേസ് ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഇനിയും കള്ളക്കഥകൾ വന്നെന്നു വരാം. കമ്യൂണിസ്റ്റുകാരായി നിൽക്കുന്നിടത്തോളം ഇതെല്ലാം നേരിടേണ്ടിവരും. ഞങ്ങൾ ഏതായാലും പതറിപ്പോകില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ഞാൻ പ്രവർത്തിക്കും. സാധ്യമായതെല്ലാം ചെയ്യും. ചില രോഗങ്ങൾക്ക് ഞാൻ വിധേയനാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് സജീവമാവാൻ കാരണം അതാണ്.
? ഇൗ തെരഞ്ഞെടുപ്പിൽ എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത്?
ഞങ്ങൾക്ക് ഇപ്പോൾ 95 സീറ്റുണ്ട്. ആ സീറ്റ് വർധിക്കും. എൽ.ഡി.എഫിന് ഇപ്പോൾ രണ്ടക്കം ആണെങ്കിൽ അത് മൂന്നക്കം ആക്കാനാണ് പരിശ്രമിക്കുന്നത്. നല്ല അംഗബലമുള്ള എൽ.ഡി.എഫ് വേണം. കുറച്ച് സീറ്റ് തന്നാൽ മതി ഭരണമുണ്ടാക്കിക്കാണിച്ചു തരാമെന്ന ബി.ജെ.പിയുടെ ഭീഷണിയുണ്ടല്ലോ, ആ ഭീഷണി നേരിടണമെങ്കിൽ എൽ.ഡി.എഫിന് അംഗസംഖ്യ കൂടണം. അതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.