Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സീറ്റുബലം മൂന്നക്കമെത്തണം -കോടിയേരി ബാലകൃഷ്ണൻ
cancel

? 1991നു​ ശേഷം ആദ്യമായാണ്​ എൽ.ഡി.എഫ്​ ഒരു തുടർഭരണ സാധ്യത നേരിടുന്നത്​. അന്നത്തേതും ഇന്നത്തേതും തമ്മിൽ അനുകൂലവും പ്രതികൂലവുമായ എന്തെല്ലാം രാഷ്​ട്രീയ സാഹചര്യമാണ്​ സി.പി.എം കാണുന്നത്​?

തുടർഭരണ സാധ്യത 1991ൽ മാത്രമായിരുന്നില്ല, 2011ലും ഉണ്ടായിരുന്നു. അന്നാണ്​ ഞങ്ങൾ വിജയത്തിന്​ അടുത്തെത്തി പരാജയപ്പെട്ടത്​. 2011ൽ 68 സീറ്റ്​ എൽ.ഡി.എഫിന്​ കിട്ടി. യു.ഡി.എഫിന്​ 72 ഉം. നാലു​ മണ്ഡലങ്ങളിൽ പരാജയപ്പെട്ടത്​ 400ൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിനാണ്. 1990ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ 13ലും ഇടതുപക്ഷം ജയിച്ചു. എൽ.ഡി.എഫ്​ ജയിക്കും എന്ന വിശ്വാസം വന്നു. കാലാവധി പൂർത്തിയാവുന്നതിന്​ ഒരു വർഷം മു​േമ്പ നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നടത്താൻ ഇ.കെ. നായനാർ സർക്കാർ നിർദേശിച്ചു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപന ശേഷം സ്ഥിതിഗതികൾ മാറി. രാജീവ്​ ഗാന്ധി വധത്തോടെ വന്ന മാറ്റമാണ്​ തുടർഭരണ സാധ്യത നഷ്​ടമാക്കിയത്​. ഇത്തവണ അത്തരം സ്ഥിതിവിശേഷം ഒന്നുമില്ല. മാത്രമല്ല, തുടർഭരണം എന്ന മുദ്രാവാക്യംതന്നെ രൂപപ്പെടുത്തുന്നത്​ എൽ.ഡി.എഫല്ല. ജനങ്ങളാണ്.

? കേരളത്തിൽ സി.പി.എം ഇന്ന്​ വ്യക്​തികേന്ദ്രീകൃത പാർട്ടിയായി മാറിയെന്ന നിരീക്ഷണമുണ്ട്​. എൽ.ഡി.എഫ്​ സർക്കാർ എന്നല്ല പിണറായി സർക്കാർ എന്നാണ്​ പറയുന്നത്​. വി.എസിനെയും പി. ജയരാജനെയും കേന്ദ്രീകരിച്ചുണ്ടായ വ്യക്തിപ്രഭാവം തള്ളിക്കളഞ്ഞ സി.പി.എമ്മി​ൽ ഇതൊരു വൈരുധ്യമല്ലേ?

എൽ.​ഡി.എഫിന്​ തുടർഭരണം എന്നതാണ് ​ഞങ്ങളുടെ മുദ്രാവാക്യം. സി.പി.എം വ്യക്​തികേന്ദ്രീകൃത പാർട്ടിയല്ല, കൂട്ടായ നേതൃത്വമുള്ള പാർട്ടിയാണ്​. അതിൽ എപ്പോഴും ഒരു ക്യാപ്​റ്റൻ ഉണ്ടായിരിക്കും. നേരത്തെ വി.എസ്​ ആയിരുന്നു. അന്ന്​ വി.എസി​െൻറ വ്യക്​തിപ്രഭാവത്തിൽ പാർട്ടി വെല്ലുവിളി നേരിടുന്നുവെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. അതിനു​ മുമ്പ്​ ഇ.കെ. നായനാർ, ഇ.എം.എസ് ഒക്കെയുണ്ടായിരുന്നു, നായകരായി. പക്ഷേ, കൂട്ടായ നേതൃത്വമാണ്​ പാർട്ടിയെ നയിക്കുന്നത്​.

ഇടതുസർക്കാർ നയങ്ങൾ എത്ര ഇടത്​?

? തുടർഭരണ ലക്ഷ്യത്തിനായി അവതരിപ്പിക്കുന്നത്​ സർക്കാറി​െൻറ വികസന നേട്ടം, ക്ഷേമ നടപടികൾ, ദുരന്തമുഖത്തെ ഇടപെടൽ ഒക്കെയാണ്​. എന്നാൽ, മറുവശത്ത്​ സ്​പ്രിൻക്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെയുള്ള ആരോപണങ്ങളാണ്​. ധനമൂലധന ശക്​തികളുമായുള്ള ഒത്തുചേരൽ ആക്ഷേപമുണ്ട്​. മാവോവാദി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മുതൽ ലോക്കപ്പ്​ കൊലപാതകം വരെ ഒരു ഇടതു​പക്ഷ സർക്കാറി​െൻറ നയത്തിന്​ വിരുദ്ധമായ കാര്യങ്ങൾ ഇൗ അഞ്ചു​ വർഷം നടന്നു?

ധനമൂലധന ശക്തികൾക്ക്​ സ്വൈരവിഹാരം സാധിക്കാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്​. കേന്ദ്ര സർക്കാർ തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളം അദാനിക്ക്​ കൊടുത്തതിനെ എതിർത്തത്​ എൽ.ഡി.എഫ്​ സർക്കാറാണ്​. കേരളത്തിൽ വിൽപനക്കു വെച്ച ഒരു പൊതുമേഖല സ്ഥാപനവും സ്വകാര്യ മേഖലക്ക്​ കൊടുക്കാൻ കഴിഞ്ഞില്ല. അതു ഞങ്ങൾ നടത്താമെന്നാണ്​ ഇവിടത്തെ സർക്കാർ പറഞ്ഞത്​.

മാവോവാദികൾ ​പൊതുധാരയിലേക്ക്​ വരണമെന്ന നിലപാട്​ സ്വീകരിച്ച പ്രസ്ഥാനവും ഗവൺമെൻറുമാണ്​ കേരളത്തിലെ ഇടതു മുന്നണി. മാവോവാദം ഒരു ആശയമാണ്​. അതിനെ ആശയംകൊണ്ടാണ്​ നേരിടേണ്ടത്​. ഏറ്റുമുട്ടൽ നടത്തി മ​ാവോവാദികളെ ഇല്ലാതാക്കുക സി.പി.എമ്മി​െൻറയോ ഇടതുപക്ഷത്തി​െൻറയോ നയമല്ല. ക്രമസമാധാനം പൊലീസി​െൻറ ഉത്തരവാദിത്തമാണ്​. പൊലീസിനെ മാവോവാദികൾ മാത്രമല്ല, സി.പി.എമ്മുകാരും ഏതു​ പാർട്ടിക്കാരും ആക്രമിച്ചാൽ പൊലീസി​െൻറ ഭാഗത്തുനിന്ന്​ ആക്​ഷനുണ്ടാവും.

സ്​പ്രിൻക്ലർ മുതൽ ആഴക്കടൽ മത്സ്യബന്ധനം വരെ ഇടക്കാലത്തുണ്ടായ വിവാദങ്ങൾ വന്ന ഉടനെ കാര്യങ്ങൾ മനസ്സിലാക്കി അത്​ റദ്ദാക്കി. അതിനെ ന്യായീകരിച്ച്​ നിന്നില്ല. ഗവൺമെൻറ്​ പ്രവർത്തിക്കു​േമ്പാൾ ചിലപ്പോൾ തെറ്റുകൾ സംഭവിക്കും. അത്​ തെറ്റാണെന്ന വിമർശനം ഉണ്ടാവു​േമ്പാൾ മാറിച്ചിന്തിച്ചു.

? ഇടതുപക്ഷ നയത്തിന്​ വിരുദ്ധമായി എൽ.​ഡി.എഫ്​ സർക്കാർ യു.എ.പി.എ പ്രയോഗിച്ച നടപടി ദേശീയ തലത്തിൽ ഇടതു കക്ഷികളിൽനിന്നുതന്നെ വിമർശനത്തിന്​ ഇടയാക്കി. സി.പി.എം അംഗങ്ങളായ രണ്ടു​ വിദ്യാർഥികൾ വരെ ഇതിന്​ ഇരയായി. സി.പി.എം നയത്തിന്​ വിരുദ്ധമായ നടപടി എങ്ങനെയുണ്ടായി?

യു.എ.പി.എ ഏതു സംസ്ഥാനത്ത്​ പ്രയോഗിക്കുന്നതിനെയും എതിർക്കുന്നവരാണ്​ ഞങ്ങൾ. യു.ഡി.എഫ്​ ഗവൺമെൻറി​െൻറ കാലത്ത്​ യു.എ.പി.എക്ക്​ ഇരയായവരാണ്​ ഞങ്ങൾ. കോഴിക്കോ​െട്ട രണ്ടു വിദ്യാർഥികൾ സി.പി.എമ്മുകാരൊന്നുമല്ല, സി.പി.എമ്മിനുള്ളിൽ പ്രവർത്തിച്ച്​ മാവോവാദ പ്രവർത്തനം നടത്തുകയായിരുന്നു. ഒരു പാർട്ടിയിൽനിന്ന്​ മറ്റൊരു പാർട്ടി പ്രവർത്തനം നടത്തു​ന്നത്​ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ, അവരുടെ പേരിൽ യു.എ.പി.എ ചുമത്തിയതിന്​ ഞങ്ങൾ എതിരാണ്​. അതു മനസ്സിലായപ്പോൾ ഗവൺമെൻറുതന്നെ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. അതിനിടയിലാണ് കേസ്​ എൻ.​െഎ.എ ഏറ്റെടുത്തത്​. ​ അതോടെ സംസ്ഥാന സർക്കാറിന്​ ഇടപെടാൻ സാധിക്കാത്ത സ്ഥിതിവന്നു.

ശബരിമലയിൽ വിശ്വാസം സംരക്ഷിക്കും

? പ്രചാരണ വിഷയങ്ങളിലൊന്നായ ശബരിമല യുവതീപ്രവേശനത്തിൽ സി.പി.എമ്മി​െൻറ നിലപാട്​ എന്താണ്​?

ശബരിമല യുവതീപ്രവേശനമായാലും ഏതു ക്ഷേത്രത്തി​െൻറയും പള്ളിയുടെ കാര്യമായാലും സി.പി.എം നിലപാട്​ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്നതാണ്​. ശബരിമല സംബന്ധിച്ച്​ ഒരു തീരുമാനവും ഗവൺമെൻറ്​ എടുത്തിട്ടില്ല. സുപ്രീംകോടതിയുടെ വിധിയാണത്​. ഏതു വിധിയും നടപ്പാക്കാനുള്ള ബാധ്യത ഗവൺ​െമൻറിനുണ്ട്​. അതിനു ശ്രമിച്ചപ്പോൾ നടപ്പാക്കുന്ന സന്ദർഭത്തിൽ കുറച്ച്​ പ്രശ്​നം ഉയർന്നുവന്നു. പ്രായോഗിക ബുദ്ധിമുട്ട്​ മനസ്സിലായപ്പോൾ സർക്കാർതന്നെ അതിങ്ങനെ നടപ്പാക്കാൻ പാടില്ലെന്ന നിലപാട്​ സ്വീകരിച്ചു.


വിശ്വാസ പ്രമാണങ്ങളുമായി ബന്ധപ്പെട്ട കാര്യം അടിച്ചേൽപിക്കേണ്ട കാര്യമല്ലെന്ന വ്യക്തമായ നിലപാടാണ്​ സർക്കാർ സ്വീകരിച്ചിട്ടുള്ളത്​. ആ നിലപാടാണ്​ ഞങ്ങൾ സുപ്രീംകോടതി വിധി വന്നാലും സ്വീകരിക്കാൻ ​പോകുന്നത്​.

? പക്ഷേ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്​ ശബരിമല യുവതീപ്രവേശനം ഭരണഘടനയിലെ മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ്​​ എന്നാണ്​?

ഭരണഘടന വ്യഖ്യാനിച്ചിട്ടാണല്ലോ സുപ്രീംകോടതി നിലപാട്​ സ്വീകരിച്ചിരിക്കുന്നത്​. വിധി നടപ്പാക്കു​േമ്പാൾ ഉണ്ടാവുന്ന പ്രശ്​നമാണ്​ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്​. വിശ്വാസസമൂഹത്തി​െൻറ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നിലപാട്​ വേണ്ട എന്ന നിലപാട്​ കേരളത്തിലെ ഗവൺമെൻറ്​ സ്വീകരിച്ചു കഴിഞ്ഞു. അത്​ ഖണ്ഡിതമാണ്​.

ബി.ജെ.പി ഡീൽ ആര്​ വിശ്വസിക്കും?

?​ െചങ്ങന്നൂരും ആറന്മുളയിലും വിജയിക്കാൻ കോന്നിയിൽ കെ. സുരേന്ദ്ര​െൻറ വിജയത്തിനായി ബി.ജെ.പിയ​ുമായി സി.പി.എം ഡീൽ ഉറപ്പിച്ചുവെന്ന 'ഒാർഗനൈസർ' മുൻ പത്രാധിപരുടെ ആരോപണത്തിന്​ എന്താണ്​ മറുപടി?

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലെന്ന്​ പറയാൻ കേരളത്തിൽ ആർക്കാണ്​ സാധിക്കുക? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ്​ സി.പി.എം. അത്​ രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ്​ ചർച്ച ചെയ്​തെടുത്ത തീരുമാനമാണ്​. സി.പി.എമ്മിന്​ ഒരിക്കലും ആർ.എസ്​.എസുമായി രാഷ്​ട്രീയമായും പ്രത്യയശാസ്​ത്രപരമായും യോജിക്കാൻ സാധിക്കുകയില്ല. മത രാഷ്​ട്രമാണ്​ അവർ ഉന്നയിക്കുന്ന മുദ്രാവാക്യം. അത്തരം മതമൗലിക വാദികളുമായി ഞങ്ങൾക്ക്​ യോജിക്കാനേ സാധിക്കില്ല.

അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പിൽ ജയപ്രകാശ്​ നാരായണൻ മുൻകൈയെടുത്ത്​ സോഷ്യലിസ്​റ്റ്​ പാർട്ടിയെയും സ്വതന്ത്ര പാർട്ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച്​ ജനതാപാർട്ടിയാക്കി. അവരുമായി ഞങ്ങൾ സഹകരിച്ചത്​ അടിയന്തരാവസ്ഥ ​പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോൾ സി.പി.എം നിലപാട്​ മാറ്റി. ആർ.എസ്​.എസ്​ ഉൾക്കൊള്ളുന്ന പാർട്ടിയുമായി ബന്ധം വി​േച്ഛദിക്കണമെന്ന നിലപാട്​ സ്വീകരിച്ചു. 1979ൽ തലശ്ശേരിയടക്കം നാല്​ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്​ നടന്നപ്പോൾ ആർ.എസ്​.എസി​െൻറ വോട്ട്​ ഞങ്ങൾക്ക്​ വേണ്ട എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്​. അതേ നിലപാടാണ്​ സി.പി.എമ്മിന്​ ഇപ്പോഴുമുള്ളത്​. ആർ.എസ്​.എസുമായി ​ചേർന്ന്​ ഞങ്ങൾക്ക്​ ഒരു സീറ്റും കേരളത്തിൽ ജയിക്കേണ്ട കാര്യമില്ല.

1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ കോലീബി സഖ്യം ഉണ്ടാക്കിയത്​ ഇടതുപക്ഷത്തി​െൻറ തുടർഭരണം അട്ടിമറിക്കാനാണ്​. അന്ന് രാജീവ്​ ഗാന്ധി കൊല​െചയ്യപ്പെട്ടിട്ടുപോലും ഇൗ സഖ്യം വിജയിച്ചില്ല.

? പക്ഷേ, ഇൗ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലടക്കം സി.പി.എം, സി.പി.​െഎ ജില്ല, പ്രാദേശിക നേതാക്കൾ​ എൻ.ഡി.എ സ്ഥാനാർഥികളായി മാറി?

കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ അകത്തും അവസരവാദികളുണ്ടാവും. ഇൗ വഞ്ചകന്മാർ ഇൗ നിലപാട്​ സ്വീകരിക്കുന്നതോടെ കമ്യൂണിസ്​റ്റുകൾ അല്ലാതായിക്കഴിഞ്ഞു. കമ്യൂണിസ്​റ്റുകാരൻ മോശമായാൽ, കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.

സി.പി.എം ഇസ്​ലാം വിരുദ്ധമല്ല

? യു.ഡി.എഫിനെ നയിക്കുന്നത്​ അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണെന്ന താങ്കളുടെ പ്രസ്​താവന സി.പി.എം ഇസ്​ലാംഭീതി സൃഷ്​ടിക്കുന്നുവെന്ന ആക്ഷേപത്തിന്​ ഇടയാക്കി?

സി.പി.എം ഒരിക്കലും ഇസ്​ലാം വിരുദ്ധ നിലപാട്​ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല. യു.ഡി.എഫ്​, ജമാഅത്തെ ഇസ്​ലാമി, മുസ്​ലിം ലീഗ്​ -ഇവരുടെ സഖ്യം വന്നാൽ ഉണ്ടാവാൻ പോവുന്ന പ്രതികരണമെന്താകുമെന്ന്​ ഞങ്ങൾ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ കൊടുത്തു. അങ്ങനെ ഒരു സഖ്യം വരുന്നത്​ ഒരു മതത്തി​െൻറ ധ്രുവീകരണത്തിലേക്ക്​ ചെന്നെത്തിനിൽക്കും. അത്​ ആർ.എസ്​.എസാണ്​ മുതലെടുക്കുക. ഹിന്ദുത്വ ശക്​തികൾക്ക്​ വളമാകും. ഇൗ ആപത്ത്​ തുറന്നുകാണിക്കാൻ വേണ്ടിയുള്ള വിമർശനത്തിന്​ ഗുണമുണ്ടായി. കോൺഗ്രസിന്​ അകത്തുതന്നെ വെൽ​െഫയർ പാർട്ടി സഖ്യത്തിന്​​ എതിരായി പ്രതികരണമുണ്ടായി. അത്തരം പ്രതികരണം വരണമെന്ന ഉദ്ദേശ്യത്തോടെയാണ്​ ഞങ്ങൾ വിമർശിച്ചത്​.

? മുസ്​ലിം ന്യൂനപക്ഷത്തെ അന്യവത്​കരിക്കുകയും ഭീതിപ്പെടുത്തി മൃദുഹിന്ദുത്വ വോട്ട്​ വാങ്ങി സി.പി.എം ഒരു ഹിന്ദുപാർട്ടിയായി മാറുകയും ചെയ്യുന്നുവെന്നാണ്​ ആക്ഷേപം?

മുസ്​ലിം ജനവിഭാഗത്തെ പാർട്ടിയിൽനിന്ന്​ അകറ്റിനിർത്താൻ ഞങ്ങൾ മുസ്​ലിം വിരുദ്ധമാണെന്ന്​ പ്രചരിപ്പിക്കുന്നുണ്ട്. അത്​ പണ്ടത്തെ പോലെ ഏശുന്നില്ല. ഞങ്ങൾ എവിടെയായാലും ന്യൂനപക്ഷ സംരക്ഷകരാണ്​. അത്​ വോട്ട്​ കിട്ടാനല്ല. വോട്ട്​ ചെയ്യണോ വേണ്ടേ എന്ന്​​ അവരാണ്​ തീരുമാനിക്കേണ്ടത്​.

? ഇന്നുവരെയില്ലാത്ത തരത്തിലാണ്​ സി.പി.എമ്മിനും സംസ്ഥാന സെക്രട്ടറിയായ താങ്കൾക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉയർന്നത്​. പാർട്ടിയെ പ്രതിരോധത്തിലാക്കിയതിൽ വ്യക്തിപരമായ വിഷമമുണ്ടോ?

കമ്യൂണിസ്​റ്റ്​ പാർട്ടിയെ തകർക്കാൻ പല സ്ഥലത്ത്​ പ്രയോഗിച്ചിട്ടുള്ള തന്ത്രമാണ്​ ഇവിടെയും പ്രയോഗിക്കുന്നത്​. സ്വാഭാവികമായും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾക്ക്​ എതിരായി ആരോപണം ഉന്നയിക്കും. അതി​െൻറ ഭാഗമായി കുടുംബാംഗങ്ങളെ പോലും വേട്ടയാടുകയാണ്​. ബിനീഷിനെതിരായി ഒരു കഥയുണ്ടാക്കി. എല്ലാവരും കരുതിയത്​ മയക്കുമരുന്ന്​ കേസിൽ പെട്ടുവെന്നാണ്​. രാജ്യം മുഴുവൻ പ്രചരിപ്പിച്ചു. ഇപ്പോൾ കേസന്വേഷിച്ച്​ കുറ്റപത്രം കൊടുത്തപ്പോൾ ബിനീഷ്​ മയക്കുമരുന്ന്​ കേസിൽ പ്രതിയേ അല്ല. ഇപ്പോൾ മണി ​േലാണ്ടറിങ്​​ ആക്​ട്​ പ്രകാരം കേസ്​ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്​. ഇനിയും കള്ളക്കഥകൾ വന്നെന്നു വരാം. കമ്യൂണിസ്​റ്റുകാരായി നിൽക്കുന്നിടത്തോളം ഇതെല്ലാം നേരിടേണ്ടിവരും. ഞങ്ങൾ ഏതായാലും പതറിപ്പോകില്ല. കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തിനുവേണ്ടി ഞാൻ പ്രവർത്തിക്കും. സാധ്യമായതെല്ലാം ചെയ്യും. ചില രോഗങ്ങൾക്ക്​ ഞാൻ വിധേയനാണെങ്കിലും തെരഞ്ഞെടുപ്പ്​ കാലത്ത്​ സജീവമാവാൻ കാരണം അതാണ്​.

? ഇൗ തെരഞ്ഞെടുപ്പിൽ എത്ര സീറ്റാണ്​ പ്രതീക്ഷിക്കുന്നത്​?

ഞങ്ങൾക്ക്​ ഇപ്പോൾ 95 സീറ്റുണ്ട്​. ആ സീറ്റ്​ വർധിക്കും. എൽ.​ഡി.എഫിന്​ ഇപ്പോൾ രണ്ടക്കം ആണെങ്കിൽ അത്​ മൂന്നക്കം ആക്കാനാണ്​ പരിശ്രമിക്കുന്നത്​. നല്ല അംഗബലമുള്ള എൽ.ഡി.എഫ്​ വേണം. കുറച്ച്​ സീറ്റ്​ തന്നാൽ മതി ഭരണമുണ്ടാക്കിക്കാണിച്ചു തരാമെന്ന ബി.ജെ.പിയുടെ ഭീഷണിയുണ്ടല്ലോ, ആ ഭീഷണി നേരിടണമെങ്കിൽ എൽ.ഡി.എഫിന് അംഗസംഖ്യ കൂടണം. അതാണ്​ ഞങ്ങൾ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanelectioninterviewassembly election 2021cpm
News Summary - kodiyeri balakrishnan clarifies the election strategy
Next Story