മുംബൈ: നഗരത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ് മാളിലെ മൂന്നാം നിലയിലെ കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം.
തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ് 19ആണെന്നും സൺറൈസ് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടാതെ മൃതദേഹങ്ങൾ പുറത്തെത്തിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
നേരത്തേ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം മരണസംഖ്യ ഉയരുകയായിരുന്നു. മുംബൈ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായതായി മുതിർന്ന ഫയർേഫാഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 76 പേരിൽ 73 പേരും കോവിഡ് ബാധിതരായിരുന്നു. ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയതായി മേയർ അറിയിച്ചു.
വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ് സംഭവം. 70ൽ അധികം രോഗികൾ ഈ സമയം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.
തീ അണക്കാനായി 22ഓളം ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു മാളിൽ ആശുപത്രി കാണുന്നതെന്നും ഇത് ഗുരുതരമായ സംഭവമാണെന്നും മുംബൈ മേയർ കിശോരി പെഡ്നേകർ പറഞ്ഞു. 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഉത്തരവിട്ടതായും മേയർ പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. മുംബൈ നഗരത്തിലാണ് ഇതിൽതന്നെ ഏറ്റവും കുടുതൽ രോഗികൾ. വ്യാഴാഴ്ച 5504 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.