ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി വ്യാഴാഴ്ച 100 ദിവസം പൂർത്തിയാക്കി രാഹുൽ ഗാന്ധി. ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം തുടങ്ങിയ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് തന്‍റെ ദൗത്യമെന്ന്’ വ്യക്തമാക്കി എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും തന്‍റെ ഈ യാത്രയെ പ്രതിഫലിപ്പിക്കുന്ന വിഡിയോ അദ്ദേഹം പങ്കിട്ടു. കൂടുതൽ നീതിയും അനുകമ്പയും സമ്പന്നവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഈ തത്വങ്ങളാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദശാബ്ദക്കാലമായി ഒഴിഞ്ഞുകിടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന പദവിയിൽ ജൂൺ 24നാണ് രാഹുൽ ഗാന്ധി ചുമതലയേറ്റത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.എ.എ സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ നിർണായക പ്രഖ്യാപനം.
ഇക്കാലയളവിൽ അദ്ദേഹം സാധാരണക്കാരന്റെ ശബ്ദം കൂടുതലായി മുന്നോട്ടു കൊണ്ടുവരികയും കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തുവെന്ന് കോൺഗ്രസ് പ്രശംസിച്ചു. ലാറ്ററൽ എൻട്രി പോളിസി, റിയൽ എസ്റ്റേറ്റ് വിൽപനയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നീക്കം ചെയ്യൽ, ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ അദ്ദേഹം കേന്ദ്ര സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തിയതായി രാഹുലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
പലപ്പോഴും പാർലമെന്‍റിൽ എത്താത്ത പ്രശ്‌നങ്ങളെ കൂട്ടുപിടിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം ഉയർത്താൻ രാഹുൽ പ്രവർത്തിച്ചു. ആരും കേൾക്കാനില്ലാത്തവർക്ക് ശബ്ദം നൽകി.തന്‍റെ പരിശ്രമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വഹിക്കേണ്ട പങ്കിനെ അദ്ദേഹം മാതൃകാപരമാക്കി. അധികാരത്തിന്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാണിച്ചുതന്നു.
ഈ കാലയളവിലെ രാഹുലിന്റെ 10 നേട്ടങ്ങളും ഖേര പട്ടികപ്പെടുത്തി. മണിപ്പൂർ സന്ദർശനം, പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, സംസ്ഥാനത്തെ വംശീയ കലാപം പാർലമെന്‍റിൽ ഉന്നയിച്ചത്, ഓഗസ്റ്റിൽ 45 ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെന്‍റ് പരസ്യങ്ങളെ രാഹുൽ എതിർത്തതിനെ തുടർന്ന് അത് സർക്കാർ ആത്യന്തികമായി പിൻവലിച്ചത് തുടങ്ങിയവ അതിൽപെടുന്നു. സംവരണ നയങ്ങളെ ദുർബലപ്പെടുത്താനുള്ള നരേന്ദ്ര മോദി സർക്കാറിന്റെ മറ്റൊരു ശ്രമമാണ് ഈ നീക്കമെന്ന് കോൺഗ്രസ് അന്ന് തറപ്പിച്ചുപറഞ്ഞത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു.
നീറ്റ് പേപ്പർ ചോർച്ചയടക്കം സർക്കാർ പരീക്ഷകളിലെ അപാകതകളെ രാഹുൽ വെല്ലുവിളിച്ചു. തുടർന്ന് അഴിമതിക്കാരായ പരീക്ഷാ കൺട്രോളർമാരും ജീവനക്കാരും ഉൾപ്പെട്ട കേസുകൾ സി.ബി.ഐ ഏറ്റെടുത്തു. ലോക്കോ പൈലറ്റുമാരുടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള രാഹുലിന്റെ ഇടപെടലിനെ ഖേര പ്രശംസിച്ചു. ഇത് ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ചു. സൈന്യത്തിൽ ന്യായമായ റിക്രൂട്ട്‌മെന്‍റ് പ്രക്രിയകൾക്കായി വാദിച്ച രാഹുൽ ‘അഗ്നിവീർ’ പദ്ധതിക്കെതിരെയും നിലപാടെടുത്തു.
ഭരണ സഖ്യത്തിനുള്ളിലെ വിവിധ പാർട്ടികളുടെ പിന്തുണ ലഭിച്ച ജാതി സെൻസസിനായുള്ള ഗാന്ധിയുടെ ആഹ്വാനവും ഖേര ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിർമാതാക്കളെ ഡിജിറ്റൽ വാർത്താ പ്രക്ഷേപകരായും ഒ.ടി.ടി സേവന ദാതാക്കളായും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ ബ്രോഡ്‌കാസ്റ്റിംഗ് സർവിസസ് ബില്ലിനെ ഖേര പരാമർശിച്ചു.സ്വതന്ത്ര മാധ്യമ ശബ്ദങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ബ്രോഡ്കാസ്റ്റ് ബില്ലിനെതിരെ രാഹുൽ ഉറച്ചുനിന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ളടക്ക സൃഷ്‌ടാക്കൾക്ക് വിവിധ തരത്തിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനുമുള്ള സാധ്യതയുടെ പേരിൽ രാഹുൽ ഇതിനെ വിമർശിച്ചു. ഇതെത്തുടർന്ന് 2023ലെ കരട് രേഖയിൽ ഒക്‌ടോബർ 15 വരെ മന്ത്രാലയം നിലവിൽ അഭിപ്രായങ്ങൾ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.
കൂടാതെ, ഇന്ത്യയുടെ മതേതര മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് പാർലമെന്‍റിൽ വഖഫ് ബില്ലിന്റെ പുനരവലോകനത്തിനായി രാഹുൽ പ്രേരിപ്പിച്ചു. ആഗസ്റ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെ, നിരവധി പ്രതിപക്ഷ നേതാക്കളുമായി പാർലമെന്‍റിൽ നടന്ന ചൂടേറിയ ചർച്ചക്കുശേഷം ‘ക്രൂരം’ എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തു. ഇതെത്തുടർന്ന് ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് അയക്കാൻ റിജിജു നിർബന്ധിതനായി.
കർഷകരുടെയും തൊഴിലാളികളുടെയും ലോക്കോ പൈലറ്റുമാരുടെയും തോട്ടിപ്പണിക്കാരുടെയും പരാതികൾ കേട്ട് കഴിഞ്ഞ 100 ദിവസങ്ങളിൽ രാഹുൽ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചു. ഈ പ്രശ്‌നങ്ങൾ പാർലമെന്‍റിൽ മുൻപന്തിയിൽ കൊണ്ടുവരുന്നത് അദ്ദേഹം ഉറപ്പാക്കിയെന്നും ഖേര ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.