ഗാസിയാബാദ്: രാജ്യെത്ത നാല് സംസ്ഥാനങ്ങളിലായി 100ലധികം പൊലീസ് പരിശോധനകൾ, 30 വർഷെത്ത വിശ്രമമില്ലാത്ത അന്വേഷണം, അവസാനം ഓം പ്രകാശ് എന്ന പാഷ പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് കുപ്രസിദ്ധമായ കൊലപാതകങ്ങളിലൊന്ന്. കഴിഞ്ഞുപോയ 30 വർഷങ്ങളിൽ പാഷ തന്റെ ജീവിതത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു. മൂന്ന് മക്കളുടെ പിതാവായും കൊച്ചുമക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായും അയാൾ പലവേഷങ്ങൾ കെട്ടിയാടി. 28 പ്രാദേശിക സിനിമകളിൽ അഭിനയിച്ച പാഷ നിരവധി തീർഥയാത്രകളും നടത്തി. 1992ലെ കൊലപാതക കേസിൽ പിടിയിലായ 'യു.പിയുടെ 'സുകുമാരക്കുറുപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഓം പ്രകാശ് എന്ന പാഷയുടെ ജീവിതം സിനിമാ കഥകളെ വെല്ലുന്നതാണ്.
2022 ഓഗസ്റ്റ് ഒന്നിന് വൈകുന്നേരമാണ് ഹരിയാന സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഒരു ഡസൻ പൊലീസ് ഉദ്യോഗസ്ഥർ ഗാസിയാബാദിലെ ഹർബൻസ് നഗറിലെ പാഷയുടെ വീട്ടിലേക്ക് ഇടിച്ചുകയറി ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സമയം ഷൂട്ടിങ്ങിന് പോകാൻ വീട്ടിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു പാഷ. പെട്ടെന്ന് പൊലീസ് വരുന്നു, വാതിലിൽ മുട്ടുന്നു. അറുപത്തഞ്ചുകാരനായ ഓം പ്രകാശിനെ സിനിമ സ്റ്റൈലിൽ വീട്ടിൽനിന്ന് പൊക്കുന്നു.
കവർച്ച, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതിയാണ് പാഷ. കൊലപാതക ശേഷം സ്വദേശമായ ഹരിയാനയിൽനിന്ന് മുങ്ങിയ പ്രതി ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കി. പൊലീസിന്റെ മൂക്കിന് താഴെയാണ് ഇയാൾ ജീവിച്ചിരുന്നത്. ഇവിടെവെച്ച് ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പോൾ മൂന്ന് കുട്ടികളുടെ പിതാവാണ്. 15 വർഷമായി അഭിനയരംഗത്ത്. ഇതിനിടെ സിനിമയിൽ പൊലീസ് കോൺസ്റ്റബിളിന്റെ വേഷവും ഇദ്ദേഹം അഭിനയിച്ചു.
കാറുകളും ഇരുചക്രവാഹനങ്ങളും മോഷ്ടിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങൾ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഈ കേസിൽ ജയിൽ മോചിതനായ ശേഷം സൈന്യത്തിൽ ചേർന്നു. എന്നാൽ, 1988ൽ 12 വർഷത്തെ സർവിസിന് ശേഷം ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാൽ പിരിച്ചുവിടപ്പെട്ടു. 1992 ജനുവരി 15നാണ് ഹരിയാനയിലെ ഭിവാനിയിൽ മോഷണശ്രമത്തിനിടെ ഓംപ്രകാശും സഹായിയും ചേർന്ന് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കുത്തിക്കൊന്നത്.
'കവർച്ചക്കേസുകളിൽ ജാമ്യം നേടിയ ശേഷം, പാഷ പുതിയ ജീവിതം ആരംഭിക്കുകയും സൈക്കിൾ റിപ്പയർ ഷോപ്പ് തുറക്കുകയും ചെയ്തു. എന്നാൽ പഴയ ശീലങ്ങൾ അയാൾക്ക് മറക്കാനായില്ല. ഇതിനിടെ മറ്റൊരാളിനൊപ്പം ചേർന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഉടമ എതിർത്തുനിന്നു. ഇതോടെ കത്തി ഉപയോഗിച്ച് ആളെ കുത്തുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച് എടുക്കുന്നതിനുമുമ്പ് ഗ്രാമവാസികൾ ഓടിയെത്തിയതിനാൽ ഓടി രക്ഷപ്പെട്ടു'-സബ് ഇൻസ്പെക്ടർ വിവേക് കുമാർ പറയുന്നു.
ഭിവാനി പൊലീസ് പാഷയുടെ സഹായിയെ പിന്നീട് അറസ്റ്റ് ചെയ്തു. അയാൾക്ക് ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. എന്നാൽ പാഷയെ ഒരിക്കലും പിടികൂടാനായില്ല. 2020ൽ പാഷയെ "മോസ്റ്റ് വാണ്ടഡ്" എന്ന് ഭിവാനി പോലീസ് പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു.
തന്റെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത ശേഷം, പുതിയ നഗരത്തിൽ ചേക്കേറുകയും തനിക്കായി പുതിയ ജീവിതവും വ്യക്തിത്വവും രൂപപ്പെടുത്താനും പാഷ ശ്രമിച്ചു. ഗാസിയാബാദിലെ ഹർബൻസ് നഗറിലെത്തിയ ഇയാൾ ഒരു വി.സി.ആർ ഷോപ്പ് തുറന്നു. വിവാഹമോചിതയായ രാജ്കുമാരിയെ ഇയാൾ ഇവിടെവച്ചാണ് കണ്ടുമുട്ടിയത്. അവർ നോയിഡയിലെ ഒരു തയ്യൽ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി.
ഹരിയാനയിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സംസ്ഥാനത്തെ ഒളിവിലുള്ള കുറ്റവാളികളെ അന്വേഷിക്കാൻ തീരുമാനിച്ചതോടെയാണ് ഓംപ്രകാശിന്റെ പേര് വീണ്ടും പൊലീസ് വൃത്തങ്ങളിൽ ഉയർന്നത്. ഏറെക്കാലമായി കാണാനില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാമെന്ന അഭിപ്രായം ഉയർന്നെങ്കിലും മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുത്തി വീണ്ടും അന്വേഷിക്കുകയായിരുന്നു.
വേഷം മാറി ഒളിവിൽ ജീവിക്കുമ്പോഴും ഓം പ്രകാശ് തെന്റ എല്ലാ പുതിയ രേഖകളിലും തന്റെയും പിതാവിന്റെയും യഥാർഥ പേരുകൾ തന്നെ ഉപയോഗിച്ചത് അന്വേഷണം എളുപ്പമാക്കാൻ പൊലീസിനെ സഹായിച്ചു. രണ്ട് മാസം മുമ്പ്, പാനിപ്പത്തിലുള്ള തന്റെ സഹോദരനെ ഓം പ്രകാശ് വാട്ട്‌സ്ആപ്പ് വഴി വിളിച്ചതാണ് കുരുക്ക് മുറുക്കാൻ സഹായിച്ചത്. അന്വേഷണസംഘം ഇയാളുടെ നമ്പർ ട്രാക്ക് ചെയ്താണ് താമസസ്ഥലം കണ്ടെത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.