ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് കേന്ദ്ര പ്രതിരോധ ഏജൻസി ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് ഇന്നുമുതൽ ലഭ്യമാകും. ആദ്യ ഘട്ടമായി 10,000 ഡോസ് മരുന്ന് ഡൽഹിയിലെ ചില ആശുപത്രികൾക്ക് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് കൈമാറും. ചുരുക്കപ്പേരിൽ 2-ഡി.ജി എന്ന 2-ഡിയോക്സി-ഡി-ഗ്ലൂകോസ് മരുന്നിന് ദേശീയ മരുന്ന് നിയന്ത്രണ സമിതി അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ്- ഒക്ടോബർ ഘട്ടത്തിൽ നടന്ന രണ്ടാംഘട്ട പരിശോധനയിൽ കോവിഡ് രോഗികൾക്ക് മരുന്ന് ആശ്വാസകരമാണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിലായ രോഗികൾ എളുപ്പം ഭേദമാകുന്നതായും ഓക്സിജൻ അളവ് വർധിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മരുന്നിലെ കൃത്രിമ ഗ്ലൂക്കോസ് കണിക വൈറസിന് വഴിമുടക്കുന്നതാണ് കാരണം.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തോടൊപ്പമാണ് കഴിക്കേണ്ടത്. റെംഡെസിവിർ, ഇവെർമെക്റ്റിൻ, പ്ലാസ്മ ചികിത്സ, സ്റ്റിറോയ്ഡുകൾ എന്നിങ്ങനെ പലതൂം ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും
കോവിഡിനെതിരെ ലോകത്ത് ഇപ്പോഴും കൃത്യമായ മരുന്ന് വികസിപ്പിച്ചിട്ടില്ല.
പ്രതിദിനം മൂന്നു ലക്ഷത്തിനു മുകളിലാണ് രാജ്യത്ത് രോഗബാധ. മരണം 4,000 നു മുകളിലും. രണ്ടാം തരംഗം ഇനിയും കുറവു കാണിക്കാത്ത സാഹചര്യത്തിൽ പുതിയ മരുന്ന് പ്രതീക്ഷ പകരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.