അഹ്മദാബാദ്: ബ്രെയിൻ ട്യൂമർ ബാധിതയായ 11കാരി ഫ്ലോറ അസോദിയയുടെ സ്വപ്നമാണ് സിവിൽ സർവീസ്. ഏഴാം ക്ലാസുകാരിയായ ഫ്ലോറ കലക്ടറാകുന്നതായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാൽ അടുത്തിടെ അസുഖം മൂർച്ഛിച്ചതോടെ കുട്ടി ആശുപത്രിയിലായി. ഇതോടെ ആഗ്രഹപൂർത്തീകരണത്തിനായി ഒരു ദിവസം കുട്ടിയെ കലക്ടറുടെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് അഹ്മദാബാദ് ജില്ല ഭരണകൂടം.
'ഗാന്ധിനഗർ സ്വദേശിനിയായ ഫ്ലോറ ബ്രെയിൻ ട്യൂമർ ബാധിതയാണ്. കഴിഞ്ഞ മാസം ഒരു ശസ്ത്രക്രിയക്ക് വിധേയയായതോടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. മേക് എ വിഷ് ഫൗണ്ടേഷനാണ് കുട്ടിക്ക് കലക്ടർ ആകാനായിരുന്നു ആഗ്രഹം എന്ന് പറഞ്ഞത്' -അഹ്മദാബാദ് കലക്ടർ സന്ദീപ് സാങ്ഗ്ലെ പറഞ്ഞു.
ഫൗണ്ടേഷന്‍റെ അഭ്യർഥന പ്രകാരം കലക്ടർ കുട്ടിയുെട ആഗ്രഹം പൂർത്തീകരിക്കാനായി മാതാപിതാക്കളെ ബന്ധപ്പെട്ടു. 'ശസ്ത്രക്രിയക്ക് ശേഷം നില വഷളായതിനാൽ മാതാപിതാക്കൾ അവളെ ഒരുദിവസത്തേക്ക് കലക്ടർ ആക്കുക എന്ന തീരുമാനത്തോട് ആദ്യം സമ്മതം മൂളിയിരുന്നില്ല. എന്നാൽ സംസാരിച്ച് അവരെകൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു'- കലക്ടർ പറഞ്ഞു.
ഫ്ലോറക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാകാനും ലക്ഷ്യം എത്തിപ്പിടിക്കാനും സാധിക്കേട്ടെയന്നും കലക്ടർ ആശംസിച്ചു. സെപ്റ്റംബർ 25 ന് പിറന്നാൾ ആഘോഷിക്കുന്ന ഫ്ലോറയെ സമ്മാനങ്ങൾ നൽകിയാണ് കലക്ട്രേറ്റിൽ നിന്ന് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.