ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു.
ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. വള്ളത്തിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കൻ നാവികസേന വളയുകയായിരുന്നു. സമുദ്രാതിർത്തിയുടെ ശ്രീലങ്കൻ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.
ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിർത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു. ഒക്ടോബറിൽ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കൻ നാവികസേനയുടെ വർധിച്ചുവരുന്ന അറസ്റ്റിന്റെ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനും നയതന്ത്രപരമായി പരിഹരിക്കാനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭ്യർഥിച്ചു. 2024ൽ മാത്രം ശ്രീലങ്കൻ നാവികസേന 324 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും അവരുടെ 44 ബോട്ടുകൾ പിടിച്ചെടുത്തതായും അറിയിച്ച് ആഗസ്റ്റിൽ സ്റ്റാലിൻ ജയശങ്കറിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.