ബംഗളൂരു: നഗരത്തിലെ 13 സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളിനുള്ളിൽ സ്ഫോടക വസ്തു സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം. സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ബോംബ് നിർവീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി. കുട്ടികളേയും ജീവനക്കാരേയും ഒഴിപ്പിച്ച് പൊലീസ് സ്കൂളുകളിൽ പരിശോധന തുടരുകയാണ്.
വൈറ്റ്ഫീൽഡ്, കൊറംഗല, ബസവേശ്നഗർ, യാലഹങ്ക, സദാശിവനഗർ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസിന്റെ ഡോഗ് സ്ക്വാഡ് ഉൾപ്പടെ എത്തി സ്കൂളുകളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബോംബ് ഭീഷണി വന്ന സ്കൂളുകളിലൊന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിർവശത്താണ്. ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നത് എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുമ്പും ബംഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.