14 ടീമുകൾ, ഒമ്പത് ബുൾഡോസറുകൾ, 1,500 പൊലീസുകാർ; ഡൽഹിയിൽ പൊളിക്കാനിറങ്ങിയത് വൻ സന്നാഹം

ന്യൂഡൽഹി: അക്രമം രൂക്ഷമായ ജഹാംഗീർപുരിയിൽ വടക്കൻ ഡൽഹിയിലെ അധികൃതർ നിരവധി കെട്ടിടങ്ങൾ തകർത്തു. പൊളിക്കൽ നിർത്തിവെക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അധികൃതർ പൊളിക്കൽ തുടർന്നു. തുടർന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് നേരിട്ട് എത്തി ബുൾഡോസറുകൾ തടഞ്ഞതിനെ തുടർന്നാണ് പൊളിക്കൽ നിർത്തിയത്. വൻ സന്നാഹവുമായി മുൻകൂട്ടി പ്ലാൻ ചെയ്താണ് അധികൃതർ പൊളിക്കലിന് എത്തിയിരുന്നത്.

രാവിലെ 9.30ന് ആരംഭിച്ച പൊളിക്കൽ ഉച്ചക്ക് 12 വരെ തുടർന്നു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് നിരവധി കടകൾ, കെട്ടിടങ്ങൾക്ക് മുന്നിലെ നിർമ്മാണം, കൈവണ്ടികൾ, കഴിഞ്ഞയാഴ്ച അക്രമത്തിന്റെ കേന്ദ്രബിന്ദുവായ മസ്ജിദിന്റെ പുറം ഗേറ്റ് എന്നിവ തകർത്തു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള 14 ടീമുകൾ ഒമ്പത് എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയത്. 1,500ലധികം പൊലീസുകാരും അർദ്ധസൈനിക സേനയും ഉണ്ടായിരുന്നു.

പൊളിക്കുന്നതിന് മുമ്പ് ആർക്കും നോട്ടീസ് നൽകിയിരുന്നില്ല. പൊളിക്കലല്ല, കയ്യേറ്റ വിരുദ്ധ നീക്കമായതിനാൽ നോട്ടീസുകളുടെ ആവശ്യമില്ലെന്ന് നോർത്ത് ഡൽഹി മേയർ എൻ.ഡി ടി.വിയോട് പറഞ്ഞു. നോർത്ത് ഡൽഹി മേയർ സുരക്ഷാ സേനയെ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തെഴുതിയിരുന്നു.

ഹനുമാൻ ജയന്തി സമയത്ത് ഉണ്ടായതുപോലുള്ള അക്രമസംഭവങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇത്തരമൊരു ഓപ്പറേഷൻ ഇതാദ്യമാണ്. ഭരണകൂടം വളരെ വേഗത്തിൽ പ്രവർത്തിച്ചു എന്നാണ് നടപടികളിൽനിന്ന് വ്യക്തമാകുന്നത്.

കലാപകാരികളുടെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി അവ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്ക് കത്തെഴുതിയതിനെ തുടർന്നാണ് കയ്യേറ്റ വിരുദ്ധ നടപടിക്ക് ഉത്തരവിട്ടത്.

Tags:    
News Summary - 14 Teams, 9 Bulldozers, 1,500 Cops: How Delhi Demolition Was Carried Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.