കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. ബോംബേറിലും വെടിവെപ്പിലുമായി സംസ്ഥാനത്ത് 12 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. പലയിടത്തും പോളിങ് ബൂത്ത് കൈയേറി ബാലറ്റ് പെട്ടികൾ നശിപ്പിച്ചു. പരിക്കേറ്റവരെ സന്ദർശിക്കാൻ പുറപ്പെട്ട ഗവർണർ സി.വി. ആനന്ദബോസിന്റെ വാഹനവ്യൂഹം തടഞ്ഞ് നാട്ടുകാർ പരാതിയുമായെത്തി.
ആറ് തൃണമൂൽ കോൺഗ്രസുകാരും ബി.ജെ.പി, സി.പി.എം, കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പാർട്ടികളുടെ ആറു പ്രവർത്തകരും കൊല്ലപ്പെട്ടതായാണ് വിവരം.
73,887 ത്രിതല പഞ്ചായത്ത് സീറ്റുകളിലേക്ക് 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 5.67 കോടിയാണ് വോട്ടർമാർ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പാർട്ടികളെല്ലാം ഏറെ വാശിയോടെയാണ് നേരിടുന്നത്. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതലുണ്ടായ അക്രമസംഭവങ്ങളിൽ, ശനിയാഴ്ചത്തെ മരണങ്ങൾക്കു പുറമെ 15ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
കുച്ച്ബിഹാർ ജില്ലയിൽ പോളിങ് ബൂത്തിലേക്ക് കടക്കാൻ ശ്രമിച്ച ബി.ജെ.പി പോളിങ് ഏജന്റ് മാധവ് ബിശ്വാസ് കൊല്ലപ്പെട്ടു. തൃണമൂൽ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. കദംബഗാച്ചി ജില്ലയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ അനുയായി കൊല്ലപ്പെട്ടു. മുർശിദാബാദ് ജില്ലയിലെ കാപസ്ദംഗ, ഖാർഗ്രാം പ്രദേശങ്ങളിൽ രണ്ട് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കുച്ച്ബിഹാറിൽ ബി.ജെ.പിക്കാരുടെ ആക്രമണത്തിൽ ബൂത്ത് കമ്മിറ്റി അംഗം കൊല്ലപ്പെട്ടതായി തൃണമൂൽ ആരോപിച്ചു. മാൽഡയിൽ കോൺഗ്രസുകാരുമായുള്ള ഏറ്റുമുട്ടലിൽ തൃണമൂൽ നേതാവിന്റെ സഹോദരൻ മരിച്ചു. മുർശിദാബാദിൽ നടന്ന ഏറ്റുമുട്ടലിലാണ് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. പുർബ ബർദമാൻ ജില്ലയിൽ തൃണമൂൽ പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സി.പി.എമ്മുകാരൻ മരിച്ചു. പർഗാനാസ് ജില്ലയിൽ നാടൻ ബോംബ് പൊട്ടി രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.
കുച്ച്ബിഹാർ ജില്ലയിൽ ബാലറ്റ് പെട്ടികൾക്ക് തീയിട്ടു. മറ്റൊരിടത്ത് കള്ളവോട്ട് ആരോപിച്ച് ബാലറ്റ് പെട്ടി തട്ടിയെടുത്തോടി നശിപ്പിച്ചു. ബാലറ്റ് ബോക്സിൽ വെള്ളമൊഴിച്ച സംഭവവും റിപ്പോർട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തിയ കേന്ദ്രമന്ത്രി നിസിത് പ്രമാണികിനെ പോളിങ് ബൂത്തിന്റെ ഗേറ്റിൽ തടഞ്ഞു. നന്ദിഗ്രാമിൽ കേന്ദ്രസേനയുടെ ഇടപെടൽ ആവശ്യപ്പെട്ട് വനിതകളുടെ സംഘം വിഷക്കുപ്പികളുമായെത്തി പ്രതിഷേധിച്ചു.
പ്രശ്നബാധിത പ്രദേശങ്ങൾ ഗവർണർ സി.വി. ആനന്ദബോസ് സന്ദർശിച്ചു. അക്രമസംഭവങ്ങളെക്കുറിച്ചും പോളിങ് ബൂത്തിലേക്ക് കടക്കാൻ അനുവദിക്കാത്തതിനെക്കുറിച്ചും ജനങ്ങൾ പരാതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അതേസമയം, അക്രമം തടയാൻ നിയോഗിക്കപ്പെട്ട കേന്ദ്രസേനാംഗങ്ങൾ എവിടെപ്പോയെന്ന് തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ച ചോദിച്ചു.
കുച്ച്ബിഹാറിലെ അതിർത്തിഗ്രാമത്തിൽ ബി.എസ്.എഫ് ജവാന്മാർ പോളിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചതായും തൃണമൂൽ ആരോപിച്ചു. എന്നാൽ, കേന്ദ്രസേനയെ അക്രമം തടയാൻ നിയോഗിക്കാതെ തൃണമൂലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഒത്തുകളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷക്കായി 600 കമ്പനി കേന്ദ്രസേനയെയും 70,000ത്തോളം പൊലീസുകാരെയും നിയോഗിച്ചിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെടണമെന്നും പാർട്ടി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.