ന്യൂദൽഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിലെ രോഷം ശമിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴും ബി.ജെ.പി നേതാക്കളായ നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരായ വിവിധ രാജ്യങ്ങളുടെ നയതന്ത്ര രോഷം തുടരുകയാണ്.
ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ഇറാൻ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ രാജ്യങ്ങൾ അപലപിക്കുകയും ഇന്ത്യാ സർക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ആഭ്യന്തര തലത്തിലും ബി.ജെ.പി വൻ പ്രതിഷേധങ്ങൾ നേരിടുന്നുണ്ട്. രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ നിയമനടപടിക്ക് പ്രതിപക്ഷ പാർട്ടികൾ സമ്മർദ്ദം ശക്തമാക്കുകയും രാജ്യാന്തര തലത്തിൽ പാർട്ടി രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
ആക്ഷേപകരമായ ട്വീറ്റുകളും അഭിപ്രായങ്ങളും ഒരു തരത്തിലും സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇത് വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് എന്നുമാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.