റിപ്പബ്ലിക് ദിനാഘോഷം; ഡൽഹിയിൽ സുരക്ഷക്കായി 6,000 ഉദ്യോഗസ്ഥർ, 150 സി.സി.ടി.വി കാമറകൾ

ന്യൂഡൽഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ച് കേന്ദ്രം. 6,000 സുരക്ഷാ ഉദ്യോഗസ്ഥരെയും, 150 സി.സി.ടി.വി കാമറകളുമാണ് സുരക്ഷക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.

വിദേശ ഭീകര സംഘടനകളുമായി സമ്പർക്കമുള്ള രണ്ട് ഭീകരർ ഈ മാസം ആദ്യം ഡൽഹിയിൽ പിടിയിലായ പശ്ചാത്തലത്തിൽ കൂടെയാണ് സുരക്ഷ വർധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയോട് വിദ്വേഷമുള്ള ചില ക്രിമിനലുകൾ, സാമൂഹിക വിരുദ്ധ ഘടകങ്ങൾ എന്നിവർ പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്നും ഡൽഹി പൊലീസ് കമീഷണർ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.

റിപ്പബ്ലിക് ദിന പരേഡിൽ 65,000 ത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. പരേഡ് കാണുന്നതിന് ക്യൂ.ആർ കോഡ് വഴിയാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ഇത് പ്രകാരം ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.

ഡൽഹി പൊലീസിന് പുറമെ അർധസൈനിക വിഭാഗവും എൻ.എസ്.ജിയും ഉൾപ്പെടുന്ന ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. 150 ഓളം ഹൈ റെസല്യൂഷൻ സി.സി.ടി.വി കാമറകളുടെ സഹായത്തോടെ കർത്തവ്യ പാതയിലെ ഓരോ നീക്കവും സുരക്ഷസേന നിരീക്ഷിക്കും. ജനുവരി 25ന് വൈകുന്നേരം മുതൽ കാർത്തവ്യ പാതക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളും പരേഡ് റൂട്ടുകളും അടച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ ഹെവി വാഹനങ്ങളുടെ പ്രവേശനവും ഡൽഹിയിൽ നിരോധിച്ചിരിക്കുകയാണ്.

ഡൽഹിയുടെ എല്ലാ അതിർത്തികളിലും ഹെവി വാഹനങ്ങൾ തടയും. പാസുള്ള വാഹനങ്ങൾ മാത്രമാണ് ഈ മേഖലകളിലേക്ക് കടത്തിവിടുന്നത്. ആളുകളെ പരിശോധിച്ചതിന് ശേഷം മാത്രമേ ന്യൂഡൽഹിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നു. കാർത്തവ്യ പാത, ജൻപഥ്, ഇന്ത്യാ ഗേറ്റ്, കോപ്പർനിക്കസ് മാർഗ് തുടങ്ങി എല്ലാ പ്രധാന റൂട്ടുകളിലും പുലർച്ചെ നാല് മണി മുതൽ വാഹന ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - 150 CCTV Cameras, 6,000 Security Personnel Deployed For Republic Day Parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.