ലഖ്നോ: നിർബന്ധിത മതപരിവർത്തന നിരോധനമെന്ന പേരിൽ യു.പി സർക്കാർ നടപ്പാക്കിയ നിയമ പ്രകാരം ഇതുവരെയും എടുത്തത് 16 കേസുകൾ. ഇവയിൽ പ്രതി ചേർക്കപ്പെട്ട പ്രധാന പ്രതികളെല്ലാം മുസ്ലിംകൾ- എന്നിട്ടും നിയമം ഒട്ടും മതാധിഷ്ഠിതമല്ലെന്ന വിചിത്ര വാദവുമായി യോഗി ആദിത്യനാഥിെൻറ യു.പി സർക്കാർ.
സംസ്ഥാനത്ത് നിയമത്തിനു കീഴിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ നടന്ന വിവാഹത്തിെൻറ പേരിൽ ഇതുവരെയും എടുത്ത കേസുകളിൽ പ്രതി ചേർത്തത് 86 പേർക്കെതിരെ. 54 പേർ അറസ്റ്റിലായി. പ്രധാന പ്രതികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതികളാകട്ടെ ഒരാൾ പോലും മറ്റു മതക്കാരല്ല.
നിയമം വന്നതോടെ, സംസ്ഥാനത്ത് ഇരു വിഭാഗങ്ങൾക്കുമിടയിലെ മാനസിക അകലം കൂടുതൽ വർധിച്ചതായി ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പറയുന്നു. മുസ്ലിംകൾക്കിടയിൽ ഭീതി പിന്നെയും കൂടി. ഭീതിക്ക് ആക്കം കൂട്ടാൻ തീവ്രവലതുപക്ഷ കക്ഷികൾ ശ്രമം ഊർജിതമാക്കിയിട്ടുമുണ്ട്. 'നല്ല നിയമനിർമാണ'മാണിതെന്നും വഞ്ചനാപരവും നിർബന്ധിതവുമായ മത പരിവർത്തനം തടയാൻ ഇതല്ലാതെ വഴിയില്ലെന്നും യു.പി സർക്കാർ പറയുന്നു.
ഒരു മതത്തെയും പ്രത്യേകമായി ലക്ഷ്യമിട്ടില്ലെന്ന് പ്രത്യേകം എടുത്തുപറയുന്ന യു.പി സർക്കാർ പക്ഷേ, കേസ് എടുക്കുേമ്പാൾ കൃത്യമായി ചിലരെ ലക്ഷ്യമിടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.സീതാപൂർ, കനോജ്, കാൺപൂർ, ഹാർദോയ്, ബിജ്നോർ, മുറാദാബാദ്, ഷാജഹാൻപൂർ, ബറേലി തുടങ്ങിയ ഇടങ്ങളിലാണ് ഇതിനകം കേസ് എടുത്തത്. എടുത്ത കേസുകളിൽ പ്രത്യേകമായി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നെന്നും പറയുന്നുണ്ട്. കുടുംബങ്ങൾ പക്ഷേ, ഈ വാദം നിഷേധിക്കുന്നു, വിവാഹിതരും.
ഉത്തർ പ്രദേശ് മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന വേറെയും നിരവധി സംസ്ഥാനങ്ങൾ സമാന നിയമം പാസാക്കിയിട്ടുണ്ട്. നിയമത്തിെൻറ പേരിൽ ഒരു സമുദായത്തെ പ്രത്യേകമായി വേട്ടയാടുന്നുവെന്ന ആരോപണങ്ങൾ ഇവിടങ്ങളിലും ശക്തമാണ്. നിയമത്തിെൻറ സാധുത പരിഗണിക്കാമെന്ന് അടുത്തിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടെങ്കിലും നിയമം സ്റ്റേ ചെയ്യാൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.