ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ രാമനവമി ദിനത്തിൽ മാംസാഹാരം വിളമ്പി എന്നാരോപിച്ച് വിദ്യാർഥികൾ തമമ്മിലുണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. എ.ബി.വി.പി വിദ്യാർഥികൾക്കെതിരെ ജെ.എൻ.യു.എസ്.യു, എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എ അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിൽ 16 വിദ്യാർഥികൾക്കണ് പരിക്കേറ്റത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 341, 509, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ എ.ബി.വി.പി അംഗങ്ങളും ഇന്ന് പരാതി നൽകുമെന്നാണ് സൂചന. അവരുടെ പരാതി കൂടി സ്വീകരിച്ച് ആവശ്യമായ നടപടികളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം കോളജ് ഹോസ്റ്റലിൽ മാംസാഹാരം വിളമ്പിയതിന്‍റെ പേരിൽ നടന്ന സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എ.ബി.വി.പിയിലെ ചില അംഗങ്ങൾ ചേർന്ന് മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ തടഞ്ഞുവെച്ച് അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ജെ.എൻ.യു യൂനിയൻ ആരോപിച്ചു. എന്നാൽ എ.ബി.വി.പി ഈ ആരോപണം നിഷേധിക്കുകയും രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ സംഘടിപ്പിച്ച പൂജാ പരിപാടി ഇടതുപക്ഷ സംഘടനകൾ തടഞ്ഞെന്നാരോപിക്കുകയും ചെയ്തു.
ഇരുവിഭാഗവും തമ്മിൽ നടന്ന കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷത്തിൽ പ്രതിഷേധിച്ച് ജെ.എൻ.യു.യു, എ.ബി.വി.പി എന്നിവർ യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ വെവ്വേറെ മാർച്ചുകൾ നടത്തി.
അക്രമവിവരം ലഭിച്ചയുടൻ പൊലീസ് സംഘം കാമ്പസിലെത്തി നടപടി സ്വീകരിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. തെളിവുകൾ സ്വീകരിക്കുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.