ലഖ്നോ: യു.പിയിൽ 17കാരിയായ വിദ്യാർഥിനിയെ വിവാഹമെന്ന പേരിൽ വിൽപ്പന നടത്തി. ഭർതൃവീട്ടിൽ വെച്ച് കുടുംബാംഗങ്ങൾ കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങൾക്കും ഇരയാക്കി. മാസങ്ങൾക്ക് ശേഷം രക്ഷപ്പെട്ട യുവതിയെ റെയിൽവേ പൊലീസ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.
യു.പിയിലെ ദിയോറിയയിൽ നിന്നുള്ള രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് ക്രൂരതക്ക് ഇരയായത്. വിദ്യാർഥിനിയെ മാതാപിതാക്കളും അമ്മാവനും ചേർന്ന് കഴിഞ്ഞ നവംബർ 30ന് സമീപഗ്രാമത്തിലെ ഒരാൾക്ക് വിവാഹം ചെയ്തു നൽകി. വിദ്യാർഥിനിക്ക് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.
ഭർതൃവീട്ടിൽ വെച്ച് ഭർത്താവിന്‍റെ സഹോദനും അളിയനും ചേർന്ന് ഇവരെ നിരന്തരം ബലാത്സംഗത്തിനിരയാക്കി. ഇക്കാര്യം ഭർത്താവിനോടും ഭർതൃപിതാവിനോടും പറഞ്ഞെങ്കിലും രക്ഷക്കെത്തിയില്ല. വിവാഹമെന്ന പേരിൽ വിദ്യാർഥിനിയെ വിലക്ക് വാങ്ങിയതാണെന്നായിരുന്നു ഇവർ അറിയിച്ചത്.
യുവതി പ്രതിഷേധിച്ചതോടെ ഭർതൃവീട്ടുകാർ ഇവരെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ചും ക്രൂരമായ ബലാത്സംഗവും ശാരീരിക പീഡനവും മാസങ്ങളോളം തുടർന്നു. വിഡിയോകൾ ചിത്രീകരിച്ചതായും യുവതി പറഞ്ഞു.
ഇതിനിടെ അവിടെ നിന്നും ഒരുവിധം രക്ഷപ്പെട്ട പെൺകുട്ടി ദയോറിയയിലെ അമ്മാവന്‍റെ വീട്ടിലെത്തി. ഭർതൃവീട്ടുകാർക്കെതിരെ കേസ് കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അമ്മാവൻ തയാറായില്ല. ഏപ്രിൽ ഏഴിന് അമ്മാവന്‍റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി ഖൊരക്പൂർ-അവാദ് എക്സ്പ്രസിൽ കയറി.
ടിക്കറ്റ് പരിശോധനക്കിടെ ടി.ടി.ഇക്ക് സംശയം തോന്നുകയും റെയിൽവേ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് പെൺകുട്ടിയെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിടാൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടിയെ വിൽപ്പന നടത്തിയതിന് വീട്ടുകാർക്കെതിരെയും ബലാത്സംഗത്തിനും പീഡനങ്ങൾക്കും ഭർതൃവീട്ടുകാർക്കെതിരെയും നിയമനടപടി ആരംഭിച്ചിരിക്കുകയാണ്. കടുത്ത നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി യു.പി സർക്കാറിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.