ലഖ്നോ: കോവിഡ് കർഫ്യൂ ലംഘനത്തിന് കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ച സംഭവത്തിൽ രണ്ട് കോൺസ്റ്റബിൾമാരെയും ഒരു ഹോംഗാർഡിനെയും സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. കേസിൽ ഉൾപെട്ട വിജയ് ചൗധരിക്കും സീമാവതിനും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഹോംഗാർഡ് സത്യപ്രകാശിനെ പിരിച്ചുവിടുകയും ചെയ്തതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഉന്നാവിലെ ബംഗർമൗവിലെ ഭട്പുരി പ്രദേശത്ത് പച്ചക്കറി വിൽക്കുകയായിരുന്നു കൗമാരക്കാരനായ ഫൈസൽ ഹുസൈൻ. ഇവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്. മർദനത്തെ തുടർന്ന് ബാലെൻറ ആരോഗ്യനില വഷളായതിനെ തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും മരിച്ച ബാലെൻറ കുടുംബത്തിന് നഷ്ടപരിഹാരമായി സർക്കാർ ജോലി ആവശ്യപ്പെട്ടും നാട്ടുകാർ റോഡ് ഉപരോധിച്ചു. ഫൈസൽ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.
'രണ്ട് കോൺസ്റ്റബിൾമാരെയും ഹോംഗാർഡിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്'-ഉന്നാവ് പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മേയ് 24 വരെയാണ് യു.പിയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.