റായ്പുർ: ഛത്തിസ്ഗഢിലെ റൊഹാസിൽ ഗ്രാമപഞ്ചായത്തിെൻറ പശുപരിപാലന കേന്ദ്രത്തിൽ 18 പശുക്കൾ ശ്വാസംമുട്ടി ചത്തു. അലഞ്ഞുനടക്കുന്ന പശുക്കൾ കൃഷിയിടങ്ങളിൽ നാശംവിതച്ചപ്പോൾ കർഷകർ പഞ്ചായത്തിെൻറ പരിപാലന കേന്ദ്രത്തിൽ പിടിച്ചുകെട്ടിയതായിരുന്നു. കേന്ദ്രത്തിലെ ഇടുങ്ങിയ മുറിയിൽ ഞെരുങ്ങിയമർന്നാണ് പശുക്കൾ ചത്തതെന്ന് ബലോദബസാർ ജില്ല കലക്ടർ ജനക് പ്രസാദ് പഥക് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചു. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽനിന്ന് 70 കി.മീ. ദൂരത്താണ് സംഭവം നടന്ന റൊഹാസി ഗ്രാമം. ചത്ത പശുക്കളെ കുഴിച്ചുമൂടാൻ കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് പശുപരിപാലന കേന്ദ്രത്തിലുണ്ടായിരുന്ന പശുക്കളാണ് ചത്തതെന്ന് വ്യക്തമായത്. കുറച്ചു നാളുകളായി അലഞ്ഞുനടക്കുന്ന പശുക്കൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഒടുവിൽ കർഷകർ കൂടിയാലോചിച്ചാണ് ഗ്രാമപഞ്ചായത്തിെൻറ പരിപാലന കേന്ദ്രത്തിൽ പശുക്കളെ പിടിച്ചുകെട്ടാൻ തീരുമാനിച്ചത്.
കുറച്ച് പശുക്കളെ ഒരു മുറിയിലാക്കുകയും മറ്റുള്ളവയെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയും ചെയ്തു. കുറച്ചുനാളുകൾ കഴിഞ്ഞിട്ടും ഉടമകൾ എത്താതിരുന്നപ്പോൾ പശുക്കൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാതെ ഗ്രാമവാസികൾ വലഞ്ഞു. തുടർന്ന് തുറന്ന സ്ഥലത്ത് കെട്ടിയിട്ട പശുക്കളെ അഴിച്ചുവിട്ടു. എന്നാൽ, മുറിയിൽ പൂട്ടിയിട്ട പശുക്കൾ ഗ്രാമവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് കലക്ടർ വ്യക്തമാക്കി. ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പരിശോധിച്ചപ്പോഴാണത്രെ മുറിയിൽ പശുക്കളെ ചത്തനിലയിൽ കണ്ടത്. ഗ്രാമീണർ ഇവയെ സംസ്കരിക്കാൻ കൊണ്ടുപോകുേമ്പാൾ ചിലർ അധികൃതരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പശുക്കളെ ആഴത്തിലുള്ള കുഴിയിൽ സംസ്കരിക്കാനും രോഗാണുക്കൾ പടരാതിരിക്കാനും നടപടി സ്വീകരിച്ചതായി കലക്ടർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിെൻറ മൂന്ന് പശുപരിപാലന കേന്ദ്രത്തിൽ നിരവധി പശുക്കൾ ചത്തൊടുങ്ങിയതിനെതിരെ ഏതാനുംനാൾ മുമ്പ് പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പിയുടെ രമൺസിങ് സർക്കാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നും 18നുമിടയിൽ മൂന്നു കേന്ദ്രങ്ങളിൽ 200 പശുക്കൾ അശ്രദ്ധ കാരണം ചത്തൊടുങ്ങിയിരുന്നു. ഇതിൽ ദർഗ് ജില്ലയിലെ ‘ശഗുൺ ഗോശാല’ എന്ന കേന്ദ്രം പ്രാദേശിക ബി.ജെ.പി നേതാവും മറ്റു രണ്ടെണ്ണം അദ്ദേഹത്തിെൻറ ബന്ധുക്കളും നടത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.