ചെന്നൈ: 18കാരി ഓടിച്ച ആഡംബര കാർ കയറി താമസ സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്ത് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. 68കാരനായ ശിവപ്രകാശമാണ് മരിച്ചത്. സെപ്റ്റംബർ രണ്ടിന് രാത്രിയാണ് ദാരുണ സംഭവം. ഫോർഷോർ എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകളായ അപർണയാണ് അപകടം വരുത്തിവെച്ചത്.
അപകടം സംഭവിച്ചതറിയാതെ അപർണ കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറിപ്പോയി. താമസ സമുച്ചയത്തിലെ താമസക്കാരായ ചിലർ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ശിവപ്രകാശം. അപർണയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയെങ്കിലും അവർ കുറ്റം നിഷേധിച്ചു.
തുടർന്നാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി കാണിച്ചത്. പാർക്കിങ് സ്ഥലത്ത് വെച്ച് കരച്ചിൽ ശബ്ദം ഒന്നും കേട്ടില്ലെന്നായിരുന്നു അവരുടെ മൊഴി.
അശ്രദ്ധമൂലമുണ്ടായ മരണത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം കേസെടുത്തു. പ്രതി പിന്നീട് ജാമ്യം നേടി. മരിച്ചുപോയ ആൾ മദ്യപിച്ചിരുന്നോ എന്നറിയാനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
മുൻ സർക്കാർ ജീവനക്കാരനായ ശിവപ്രകാശം ഒരാഴ്ച മുമ്പാണ് ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. പാർക്കിങ് സ്ഥലത്ത് ഇദ്ദേഹം ഉറങ്ങുന്ന കാര്യം അധികം താമസക്കാർക്കും അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.