ന്യൂഡൽഹി: ബാബരി മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. സാങ്കേതിക കാരണങ്ങളുടെ പേരിൽ അദ്വാനി അടക്കമുള്ളവർക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ പി.സി ഘോഷ്, ആർ.എഫ് നരിമാൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിലെ പ്രതിയായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് നിലവിൽ രാജസ്ഥാൻ ഗവർണർ ആണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളായതിനാൽ കല്യാൺ സിങ്ങിനെ വിചാരണ നേരിടുന്നതിൽ നിന്ന് താൽകാലികമായി കോടതിഒഴിവാക്കിയിട്ടുണ്ട്. ഗവർണർ പദവിയിൽ നിന്ന് മാറുമ്പോൾ കല്യാൺ സിങ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഇതോടൊപ്പം രണ്ടായി പരിഗണിച്ചിരുന്ന ബാബരി മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകൾ ലക്നോ കോടതിയിൽ ഒരുമിച്ച് പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ ഏല്ലാ ദിവസവും ലക്നോ കോടതി വാദം കേൽക്കണം. രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കുന്നത് വരെ ജഡ്ജിയെ മാറ്റരുതെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
മസ്ജിദ് തകർക്കൽ കേസ് റായ്ബറേലി കോടതിയിലും ഗൂഢാലോചന കേസ് ലക്നോ കോടതിയുമാണ് വിചാരണ നടന്നിരുന്നത്. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പ്രതികളിലൊരാളായ ഉമാഭാരതി നിലവിൽ നരേന്ദ്ര മോദി സർക്കാറിൽ ജലവിഭവ മന്ത്രിയാണ്. 25 വർഷങ്ങളായി വിവിധ കോടതികളിൽ ഇഴഞ്ഞു നീങ്ങിയിരുന്ന ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് സുപ്രീംകോടതി വിധിയോടെ വേഗത വന്നിരിക്കുന്നത്.
അദ്വാനി അടക്കമുള്ളവർക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി സാങ്കേതിക കാരണങ്ങളുടെ പേരില്‍ റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2010 ഈ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതി വിചാരണ കോടതി വിധി ശരിവെച്ചു. പിന്നീട് വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കുറ്റമുക്തരാക്കിയതിനെതിരെ വിയോജിപ്പുമായി സി.ബി.ഐ ഹൈകോടതിയിലും സുപ്രീംകോടതിയിലും എത്തിയത്. അദ്വാനിയെയും മറ്റും വിട്ടതിനെതിരെ മെഹ്ബൂബ് അഹ്മദ് ഹാജിയും സുപ്രീംകോടതിയില്‍ എത്തി. ഈ പരാതികളാണ് ജസ്റ്റിസ് പി.സി. ഘോഷിന്‍ന്‍റെ നേതൃത്വത്തിലെ ബെഞ്ച് പരിഗണിച്ചത്. അപ്പീലുമായി വൈകിയെത്തിയ സി.ബി.ഐ, സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാർച്ച് ആറിന് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിക്കേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
മാർച്ച് 21 കേസ് പരിഗണിച്ചപ്പോൾ തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരിക്കൽ കൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് അഭിപ്രായത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ഖെഹാർ പിന്മാറി.
1992 ഡിസംബര്‍ ആറിനാണ് മുതിർന്ന ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ മസ്ജിദ് തകര്‍ത്ത കർസേവകർക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേർക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി, വിനയ് കത്യാർ, അശോക് സിംഗാൾ, സാധ്വി ഋതംബര, വി.എച്ച് ദാൽമിയ, മഹന്ത് അവൈദ്യനാഥ്, ആർ.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യഗോപാൽ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് പ്രധാന പ്രതികൾ.
കേസിലെ പ്രതിയായ വി.എച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോർ വിചാരണ വേളയിൽ മരണപ്പെട്ടു. മരണപ്പെട്ടതിനെ തുടർന്ന് ശിവസേന നേതാവ് ബാൽ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.