കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിനു പുറത്ത് രണ്ടുപേർ വെടിയേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. മരിച്ചവർ രജൗരിയിലെ ഫല്യാനയിൽ നിന്നുള്ളവരാണ്.
സൈനിക ക്യാമ്പിനുള്ളിൽ ഒരു കാന്റീൻ ഉണ്ട്. അവിടേക്ക് എത്തിയവരെ കാവൽ ഭടൻ വെടിവെച്ചതാണെന്ന് കരുതുന്നുവെന്ന് രജൗരി ജില്ലാ പൊലീസ് മേധാവി ചൗധരി മുഹമ്മദ് അസ്‍ലം പറഞ്ഞു. മരിച്ച രണ്ടു പേരും ആർമി ക്യാമ്പിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. പലരും സൈനിക ക്യാമ്പിലേക്ക് കല്ലേറ് നടത്തി. ജമ്മു -പൂഞ്ച് ഹൈവേ തടസപ്പെടുത്തിയും പ്രതിഷേധം അരങ്ങേറി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഭരണകർത്താക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്ന് യുവാക്കൾ ദിവസവും രാവിലെ അഞ്ച് -ആറ് മണിയോടടുത്ത് സൈനിക കാന്റീനിൽ പോകാറുണ്ട്. അതുപേലെ ഇന്നും 6.15 ഓടുകൂടി ക്യാമ്പിന്റെ ആൽഫാ ഗേറ്റിൽ എത്തിയതായിരുന്നു. അന്വേഷണം പോലുമില്ലാതെ, ഉടൻ കാവൽഭടൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. മൂന്നാമൻ ഗുരുതര പരിക്കുമായി ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് നാട്ടുകാർ വ്യക്തമാക്കി.
വെടിയുതിർത്തത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ സൈന്യത്തിന്റെ നഗ്രോതയിലെ വൈറ്റ് നൈറ്റ് കോർപ്സ് സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പോസ്റ്റിൽ പറയുന്നത് രജൗരി സൈനിക ആശുപത്രിക്ക് സമീപം പുലർച്ചെ അജ്ഞാതരായ തീവ്രവാദികളെ വെടിവെച്ച് വീഴ്ത്തിയെന്നാണ്. രണ്ടുപേർ കൊല്ലപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. നോർത്തേൺ കമാന്റിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.