മുംബൈ: ശ്രദ്ധ കൊലക്കേസിൽ പുതിയ കണ്ടെത്തലുമായി ഡൽഹി പൊലീസ്. അഫ്താബ് തന്നെ കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി രണ്ട് വർഷം മുമ്പ് ശ്രദ്ധ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ശ്രദ്ധയുടെ ജന്മനാടായ വസാല പൊലീസിലാണ് പരാതി നൽകിയത്. ഇരുവരും ഒരുമിച്ച് താമസച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് അഫ്താബ് തന്നെ മർദ്ദിക്കാറുണ്ടെന്ന് ശ്രദ്ധ പരാതിപ്പെട്ടിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.
"ഇന്ന് അവൻ എന്നെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. കൊന്ന് കഷ്ണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തി. ആറ് മാസത്തോളമായി അവൻ എന്നെ മർദ്ദിച്ച് കൊണ്ടിരിക്കുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ പൊലീസിൽ പരാതിപ്പെടാൻ ധൈര്യമില്ലായിരുന്നു"- ശ്രദ്ധ പരാതിയിൽ പറഞ്ഞു. തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അഫ്താബ് തന്നെ മർദ്ദിക്കുന്നതിനെ കുറിച്ച് അവന്‍റെ ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നെന്നും ശ്രദ്ധ പരാതിയിൽ കൂട്ടിച്ചേർത്തു.
എന്നാൽ മാതാപിതാക്കളുമായി സംസാരിച്ച ശേഷം പ്രശ്നങ്ങൽ പരിഹരിച്ചതായി ശ്രദ്ധ പിന്നീട് പൊലീസിന് രേഖാമൂലം മൊഴി നൽകി. അഫ്താബിന്‍റെ മർദ്ദനത്തെ തുടർന്ന് മുഖത്ത് പരിക്കേറ്റതിന്‍റെ ചിത്രങ്ങൾ ശ്രദ്ധ തന്‍റെ സുഹൃത്തിന് അയച്ചു നൽകിയതായും ആന്തരിക പരിക്കുകളോടെ ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും സുഹൃത്ത് കിരൺ പൊലീസിന് മൊഴി നൽകിയിരുന്നു.
26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്താബ് അമീൻ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഫ്താബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അഫ്താബ് കുറ്റസമ്മതം നടത്തിയതായെങ്കിലും കൊലപാതകത്തിന്‍റെ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം പാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.