കനത്ത മഴയെ തുടർന്ന് രാജസ്ഥാനിൽ 20 മരണം; സ്‌കൂളുകൾ അടച്ചു

ജയ്പൂർ: ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളിലായി 20 പേർക്ക്  ജീവൻ നഷ്ടമായി. പാർവതി, ഗംഭീർ, ബംഗംഗ നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ജയ്പൂർ, കരൗലി, സവായ് മധോപൂർ, ദൗസ തെരുവുകൾ വെള്ളത്തിലായി. ജയ്പൂരിലെ കനോട്ട അണക്കെട്ടിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി വൈകിയും തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

ഭരത്പൂർ ജില്ലയിൽ ഏഴ് മരണവും ജയ്പൂർ റൂറലിലെ ഫാഗിയിലും മധോരാജ്‌പുരയിലും ബീവാറിലും രണ്ട് വീതം മരണവും ബാരാപുരയിലും ബൻസ്വാരയിലും ഒരു മരണവും സംഭവിച്ചിതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജയ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കരൗലി ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ നാശം വിതച്ചത്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെ 15 ഇഞ്ച് മഴ രേഖപ്പെടുത്തിയ ഹിന്ദുവിലും കരൗലിയിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടെന്ന് ദുരന്ത നിവാരണ, ദുരിതാശ്വാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആനന്ദ് കുമാർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാന അണക്കെട്ടിൽ നിന്ന് 8,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിനാൽ നദികൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചില ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദുരന്തനിവാരണ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ഞായറാഴ്ച ജയ്പൂരിൽ അടിയന്തര യോഗം വിളിച്ചിരുന്നു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ഉടൻ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 20 dead in Rajasthan due to heavy rain; Schools are closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.