ജയ്പൂർ: രാജസ്ഥാനിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷനും മുൻ കമ്മീഷണർക്കുമെതിരെ കേസ്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ മഹേന്ദ്ര മേവാഡ, മുൻ മുൻസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരി എന്നിവർക്കെതിരെയാണ് കേസ്. അംഗനവാടിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പരാതിയുമായി എട്ടോളം സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ജോലിക്കെത്തിയ ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), 417(വഞ്ചന), 384 എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാജസ്ഥാൻ ഹൈകോടതിയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ സംഭവത്തെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നെങ്കിലും പരാതിക്കാർ നൽകിയ നമ്പറിൽ പിന്നീട് ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ വ്യാജമാണെന്ന് കരുതിയതായും പൊലീസ് പറഞ്ഞു.
അതേസമയം പരാതി വ്യാജമാണെന്നാണ് പ്രതിചേർക്കപ്പെട്ടവരുടെ വാദം. എന്നാൽ ലഭിച്ച പരാതികളിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സമാനമാണെന്ന് പൊലീസ് വ്യക്തമാക്കി. അംഗനവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ സിരോഹിയിലേക്ക് സംഘം ക്ഷണിച്ചിരുന്നു. പിന്നാലെ പ്രതികൾ സ്ത്രീകളെ കാണാനെത്തി ഇവർക്ക് താമസിക്കാൻ വീടും ഭക്ഷണവും ഒരുക്കി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ഇരകളെ ബോധരഹിതരാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതികളിൽ സമാനമായി ആരോപിച്ചിരുന്നത്. ബോധം വീണ്ടെടുത്തതിന് പിന്നാലെ കഠിനമായി തലവേദന അനുഭവപ്പെട്ടതായും പരാതികളിൽ പരാമർശിച്ചിട്ടുണ്ട്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.