മുംബൈ: തീവ്ര ഹിന്ദുത്വവാദികൾ പ്രതികളായ 2008ലെ രണ്ടാം മാലേഗാവ് സ്ഫോടനക്കേസിൽ രണ്ടു പേർക്കുകൂടി ജാമ്യം. സ്വാമി ദയാനന്ദ് പാണ്ഡെ എന്ന സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കാണ് പ്രത്യേക എൻ.െഎ.എ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് കണക്കിലെടുത്താണ് ഇരുവർക്കും ജാമ്യം നൽകിയത്. ആൾജാമ്യത്തിനൊപ്പം ഇരുവരും അഞ്ചു ലക്ഷം രൂപ വീതം ജാമ്യത്തുകയും കെട്ടിവെക്കണം.
ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസ് നൽകിയ കുറ്റപത്രത്തിലെയും പിന്നീട് എൻ.െഎ.എ സമർപ്പിച്ച കുറ്റപത്രത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ 21നാണ് സുപ്രീംകോടതി ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് ജാമ്യം നൽകിയത്. സമാന അവകാശം തങ്ങൾക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദയാനന്ദ് പാണ്ഡെ, സുധാകർ ചതുർവേദി എന്നിവർ എൻ.െഎ.എ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ, കേസിൽ അറസ്റ്റിലായ 12ൽ എട്ടു പേർക്കും ജാമ്യം ലഭിച്ചു. സാധ്വി പ്രജ്ഞ സിങ് ഠാകുർ അടക്കം ആറു പേർക്ക് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് എൻ.െഎ.എ സമർപ്പിച്ച രണ്ടാം കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ എൻ.െഎ.എ കോടതി തീർപ്പുകൽപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.