അഹ്മദാബാദ്: 2008ലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുൽ സുബ്ഹാൻ ഖുറൈശിയെ തെളിവെടുപ്പിന് അഹ്മദാബാദിൽ എത്തിച്ചു. ഇൗ വർഷം ജനുവരിയിൽ ഡൽഹി പൊലീസ് പ്രത്യേക സെൽ കിഴക്കൻ ഡൽഹിയിലെ ഗാസിപുരിൽ അറസ്റ്റ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്ഫോടനക്കേസിനുവേണ്ടി സ്ഥാപിച്ച പ്രത്യേക കോടതി പ്രതിയെ മാർച്ച് 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിന് മുമ്പ് ഖുറൈശി താമസിച്ച വട്വ, വഡോദര, ഹാേലാൾ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. 2007 ഡിസംബറിലെ വാഗമൺ സിമി ആയുധ പരിശീലന ക്യാമ്പ് കേസിൽ എൻ.െഎ.എ തേടിയിരുന്ന പ്രതിയാണ് ഖുറൈശി. 2011 ജൂലൈ 13ലെ മുംബൈ സ്ഫോടനം ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. 2008 ജൂലൈ 26നുണ്ടായ അഹ്മദാബാദ് സ്ഫോടന പരമ്പരയിൽ 56 പേർ മരിക്കുകയും 240 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നിലെ മുഖ്യഗൂഢാലോചനക്കാരനാണ് ഖുറൈശിയെന്ന് ജോയിൻറ് പൊലീസ് കമീഷണർ (ക്രൈം) ജെ.കെ. ഭട്ട് പറഞ്ഞു. കേസിൽ പിടികിട്ടാനുള്ള ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് റിയാസ് ഭട്കൽ ഉൾപ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 81 പേരാണ് അറസ്റ്റിലായത്. 13 പേർ പിടികിട്ടാപ്പുള്ളികൾ. സിമി, ഇന്ത്യൻ മുജാഹിദീൻ എന്നിവയുമായി എങ്ങനെയാണ് പ്രതി ബന്ധപ്പെട്ടതെന്നും ആരാണ് സഹായിച്ചതെന്നും കണ്ടെത്തുമെന്ന് ഭട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.