അസഹിഷ്ണുതയുണ്ടെന്ന് സര്‍ക്കാറും സമ്മതിച്ചു


ന്യൂഡല്‍ഹി: രാജ്യത്ത് ഒരളവോളം അസഹിഷ്ണുതയുണ്ടെന്നും അത് തിരിച്ചറിഞ്ഞ് ശക്തമായി നേരിടണമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച ദ്വിദിന ചര്‍ച്ചയില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതെങ്കിലും പ്രത്യേക സംഭവങ്ങളെ പരാമര്‍ശിക്കാതെയാണ് നായിഡു രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് സമ്മതിച്ചത്. പരിധി ലംഘിച്ച് ചിലര്‍ പ്രസ്താവനകള്‍ നടത്തുന്നതിനെ അപലപിക്കുകയും ഒറ്റപ്പെടുത്തുകയും വിട്ടുനില്‍ക്കുകയും വേണമെന്ന് നായിഡു പറഞ്ഞു. സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ അസഹിഷ്ണുത ഒരളവോളമുണ്ട്. ഇതിനെ നേരിടുന്നതിന് പകരം അവയെ സാമാന്യവത്കരിക്കുകയാണെന്നും നായിഡു അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ ദലിതരെയും എഴുത്തുകാരെയും കൊന്ന സംഭവം സൂചിപ്പിച്ച് നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ശേഷം ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല ഇതെല്ലാമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ന്യായീകരണം. സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ രാജീവ് ഗാന്ധി നിരോധിച്ചത് തെറ്റായ നടപടിയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. റുഷ്ദിയുടെ പുസ്തകം നിരോധിച്ചതിനെ വിമര്‍ശിച്ചവര്‍പോലും ശിവജിയെക്കുറിച്ച് മോശമായെഴുതിയ പുസ്തകം നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അപ്പോള്‍ പല വീക്ഷണകോണുകള്‍ ഉണ്ടാവുകയാണ്. മുസ്ലിം വീക്ഷണകോണും ഹിന്ദു വീക്ഷണകോണും. അതിനു പകരം ജനവിധിയോടുള്ള സഹിഷ്ണുതയാണ് ഏറ്റവും കൂടുതല്‍ വേണ്ടതെന്നും നായിഡു ഓര്‍മിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.