അസഹിഷ്ണുതാചര്‍ച്ച സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: അസഹിഷ്ണുതാവിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ രണ്ടാംദിനവും ബഹളം. മോദിസര്‍ക്കാറിന്‍െറ ഒത്താശയാണ് മതസ്പര്‍ധ വളര്‍ത്തുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് ബലംപകരുന്നതെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാറിനെ ക്രൂശിക്കുകയാണെന്നും ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യയാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചക്ക് മറുപടിപറഞ്ഞു. ഇതില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ്, ഇടത്, എന്‍.സി.പി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.  
ഇറാനിലും ഇറാഖിലും ബഹ്റൈനിലും ശിയാ-സുന്നി സംഘര്‍ഷം പരാമര്‍ശിച്ച മന്ത്രി രാജ്നാഥ് അങ്ങനെയൊരു സാഹചര്യം ഇന്ത്യയിലില്ളെന്ന് പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറ്റുരാജ്യങ്ങളുടെ സാഹചര്യം വിശദീകരിച്ച് തടിതപ്പേണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്‍െറ മറുപടി. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് ബഹളംകാരണം നേതാക്കളുടെ  പ്രസംഗം പലകുറി തടസ്സപ്പെട്ടു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണഘടന ആനപ്പുറത്തേറ്റി ഘോഷയാത്ര നടത്തി ആദരവ് പ്രകടിപ്പിച്ചകാര്യം മോദി കഴിഞ്ഞദിവസം ലോക്സഭയില്‍ വിവരിച്ചത് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി എന്തൊരു പരിഹാസമാണിതെന്ന് ചോദിച്ചു. ഭരണഘടനയെ ആദരിക്കേണ്ടത് ആനപ്പുറത്തേറ്റിയല്ല. മറിച്ച്, ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണ്.  പ്രതിഷേധിക്കുന്നത് രാജ്യദ്രോഹക്കുറ്റമായാണ് കേന്ദ്രം കാണുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍, അസഹിഷ്ണുതയുടെ ഏറ്റവുംവലിയ ഇര നരേന്ദ്ര മോദിയും ബി.ജെ.പിയുമാണെന്ന് രാജനാഥ് സിങ് പറഞ്ഞു. അവാര്‍ഡ് തിരിച്ചുനല്‍കിയ 39 പേരില്‍ പലരും തെരഞ്ഞെടുപ്പിന് മുമ്പേതന്നെ മോദിയെ ഫാഷിസ്റ്റ് എന്ന് വിളിച്ചവരാണ്. മോദിക്ക് ഇന്ത്യന്‍ജനത നല്‍കിയ വലിയ ജനവിധിയെപോലും മാനിക്കാതെയാണ് ഇപ്പോള്‍ അവാര്‍ഡ് വാപസിയുമായി രംഗത്തുവന്നത്. കേരളത്തില്‍ അധ്യാപകന്‍െറ കൈ വെട്ടിയപ്പോള്‍പോലും ഇവര്‍ പ്രതികരിച്ചിട്ടില്ല.
അവാര്‍ഡ് തിരികെയെടുക്കണമെന്നാണ് അവരോട് പറയാനുള്ളത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണ്. വിഭജനവും അടിയന്തരാവസ്ഥയും സിഖ് കലാപവുമാണ് രാജ്യം കണ്ട ഏറ്റവുംവലിയ അസഹിഷ്ണുത. അവയെല്ലാം നടത്തിയത് ആരാണെന്ന് ജനത്തിനറിയാം. അസഹിഷ്ണുതാവിവാദം കൃത്രിമമായി ഉണ്ടാക്കിയ ഒന്നാണ്. ഇത്തരം ചര്‍ച്ച ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ വിലയിടിച്ചു. നിക്ഷേപസാധ്യത ഇല്ലാതാക്കിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.