രാജീവ് വധം: പ്രതികളെ വിടാന്‍ തമിഴ്നാടിന് അധികാരമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളെ ഏകപക്ഷീയമായി വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാറിന് അധികാരമില്ളെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിച്ചു. ശിക്ഷാ ഇളവിന്‍െറ കാര്യത്തില്‍ ഭരണഘടനാബെഞ്ചില്‍ രണ്ടു ജഡ്ജിമാര്‍ ഭിന്നനിലപാട് സ്വീകരിച്ചതിനെതുടര്‍ന്ന് പ്രതികളായ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടെ ജയില്‍മോചനം സംബന്ധിച്ച് തീര്‍പ്പ് സുപ്രീംകോടതി മറ്റൊരു മൂന്നംഗ ബെഞ്ചിന് വിട്ടു.

ക്രിമിനല്‍ ശിക്ഷാനിയമത്തിലെ 435ാം വകുപ്പിലെ കേന്ദ്ര സര്‍ക്കാറുമായുള്ള ‘കൂടിയാലോചന’ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ ‘സമ്മതം’ എന്ന് വ്യാഖ്യാനം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാറിന്‍െറ നടപടി നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ഫക്കീര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല, പിനാകി ചന്ദ്ര ഘോസെ എന്നിവര്‍ ഭൂരിപക്ഷ വിധിപ്രസ്താവമിറക്കിയത്. തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് കൂടിയാലോചിക്കാതെയാണ് ഇവരെ ജയില്‍മോചിതരാക്കാനുള്ള  തീരുമാനം എടുത്തതെന്നും മൂവരും വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

സ്വമേധയാ മാപ്പുനല്‍കാവുന്ന കുറ്റകൃത്യമല്ല പ്രതികള്‍ ചെയ്തതെന്നും ഇത്തരം കേസുകളില്‍ മാപ്പുനല്‍കുന്നത് കോടതിവിധികളുടെ ചൈതന്യത്തിന് വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ യു.യു. ലളിതും അഭയ് മനോഹര്‍ സപ്രെയും ചേര്‍ന്ന് തയാറാക്കിയ ഭിന്ന വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.  കൂട്ടക്കൊല, ഭീകരത പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ തടവുപുള്ളിക്ക് മാപ്പിന് അവകാശം കോടതികള്‍ക്ക് തള്ളിക്കളയാമെന്ന് 2008ലെ സ്വാമി ശ്രദ്ധാനന്ദ കേസിലെ വിധി പ്രസ്താവം ചൂണ്ടിക്കാട്ടി ഇരുവരും തുടര്‍ന്നു. വധശിക്ഷ ഒഴിവാക്കിയവര്‍ക്ക് മറ്റു ശിക്ഷ നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ളെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ നിലപാടിനോട് മറ്റു മൂന്നുപേരും യോജിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.