ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പ്​: കോൺഗ്രസിന്​ മുന്നേറ്റം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ വാഴ്ചക്കിടെ രണ്ടു പതിറ്റാണ്ടായി ഗുജറാത്തില്‍ മിഴിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം. കഴിഞ്ഞതവണ 31 ജില്ലാ പരിഷത്തുകളില്‍ ഒരെണ്ണംമാത്രം ഭരിക്കാന്‍ അവസരംകിട്ടിയ കോണ്‍ഗ്രസ് ഇക്കുറി 20 ഇടത്ത് വിജയക്കൊടിനാട്ടി. പ്രധാനമന്ത്രിയുടെ നാടായ മെഹ്സാനയിലെ ജില്ലാ പരിഷത്തും കോണ്‍ഗ്രസ് പിടിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മധ്യപ്രദേശ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിഞ്ഞ പ്രതിപക്ഷനിരയുടെ മനോവീര്യം വര്‍ധിപ്പിക്കുംവിധം, മതിപ്പാര്‍ന്ന തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. നഗരമേഖലകള്‍ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്നപ്പോള്‍, നാട്ടിന്‍പുറങ്ങളില്‍ പാര്‍ട്ടിക്ക് കരുത്ത് നഷ്ടപ്പെട്ടു. ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളും ബി.ജെ.പി നിലനിര്‍ത്തി. 56 മുനിസിപ്പാലിറ്റികളില്‍ 40 എണ്ണത്തില്‍ ബി.ജെ.പി ജയിച്ചു.

എന്നാല്‍, ബ്ളോക് പഞ്ചായത്തുകളില്‍ ആകെയുള്ള 4778 സീറ്റില്‍ കോണ്‍ഗ്രസ് 2102 സീറ്റു പിടിച്ചു. ബി.ജെ.പിക്ക് 1718 സീറ്റാണ് കിട്ടിയത്. മറ്റുള്ളവര്‍ക്ക് 129 സീറ്റ്. 56 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്താണ് കോണ്‍ഗ്രസിന് നേട്ടം. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍െറ ബ്ളോക് പഞ്ചായത്തായ മെഹ്സാനയിലെ ബോച്രാജി കോണ്‍ഗ്രസ് നേടി. ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാന്‍ ഹാര്‍ദിക് പട്ടേലും മറ്റു സംവരണ പ്രക്ഷോഭ നേതാക്കളും പട്ടേല്‍-പതിദര്‍ വിഭാഗങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കും സമ്പന്നവിഭാഗവുമാണ് പട്ടേലുമാര്‍. അതേസമയം, പട്ടേല്‍ പ്രക്ഷോഭം നയിക്കുന്ന ഹാര്‍ദിക് പട്ടേലിന്‍െറ നാടായ വീരംഗം നഗരസഭാഭരണം ബി.ജെ.പി നിലനിര്‍ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.