വെള്ളപ്പൊക്കം: ദ് ഹിന്ദു ദിനപത്രം അച്ചടിച്ചില്ല

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ബുധനാഴ്ച ദ് ഹിന്ദു ദിനപത്രം അച്ചടിച്ചില്ല. ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന പത്രത്തിന്‍റെ ചെന്നൈ എഡിഷനിലെ അച്ചടിയാണ് തടസപ്പെട്ടത്. 1878ൽ അച്ചടി ആരംഭിച്ച ഹിന്ദു പത്രത്തിന്‍റെ 137 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

മരൈമലൈ നഗർ പട്ടണത്തിലെ പ്രസിലേക്ക് ജീവനക്കാർക്ക് എത്തിച്ചേരാൻ സാധിക്കാത്തതാണ് അച്ചടി മുടങ്ങാൻ കാരണമെന്ന് പബ്ലിഷർ എൻ. മുരളി പറഞ്ഞു. വലിയ പ്രിന്‍റിങ് യൂനിറ്റ് ആയതു കൊണ്ടാണ് ചെന്നൈ നഗരത്തിന് പുറത്ത് മരൈമലൈ നഗറിൽ പ്ലാന്‍റ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അച്ചടി മുടങ്ങിയ വിവരം ദ് ഹിന്ദു പത്രത്തിന്‍റെ എഡിറ്റർ മാലിനി പാർഥസാരഥിയും ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ, പി.ഡി.എഫ് പതിപ്പ് പത്രത്തിന്‍റെ ഒാൺലൈനിൽ ലഭ്യമാക്കിയിരുന്നു. ചെന്നൈ ഉൾപ്പെടെ രാജ്യത്തെ 17 നഗരങ്ങളിൽ നിന്ന് ദ് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്.

അതേസമയം, ടൈംസ് ഒാഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ്, ഇന്ത്യൻ എക്സ് പ്രസ് എന്നീ ദിനപത്രങ്ങൾ ചെന്നൈയിൽ ബുധനാഴ്ച പത്രം അച്ചടിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.