രാജീവ്ഗാന്ധി വധക്കേസ്: സുപ്രീംകോടതി വിധി ജയലളിത സര്‍ക്കാറിന് തിരിച്ചടി

കോയമ്പത്തൂര്‍: രാജീവ്ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും നിരുപാധികം വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍െറ വിധി ജയലളിതക്ക് തിരിച്ചടിയായി. ദയാഹരജി പരിഗണിക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് 2014 ഫെബ്രുവരി 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് അടുത്ത ദിവസം മുഖ്യമന്ത്രി ജയലളിത മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടി പ്രതികളെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ഫെബ്രുവരി 20ന് അന്നത്തെ യു.പി.എ സര്‍ക്കാറാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ പ്രതികളെ ഏകപക്ഷീയമായി വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ളെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ വാദം. തുടര്‍ന്ന് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാറും സുപ്രീംകോടതിയില്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജയലളിത പ്രതികളെ വിട്ടയക്കാന്‍ നടപടി സ്വീകരിച്ചത്.
തമിഴ്നാട്ടില്‍ ഓരോ തെരഞ്ഞെടുപ്പിലും ശ്രീലങ്കന്‍ പ്രശ്നത്തിലൂടെ തമിഴ്വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ കക്ഷികള്‍ പ്രചാരണം നടത്തല്‍ പതിവാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും തമിഴ്-മനുഷ്യാവകാശ സംഘടനകളും പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവരുടെ ജയില്‍മോചന ആവശ്യമുന്നയിച്ച് രംഗത്തുവന്നിരുന്നു. സുപ്രീം കോടതി ശിക്ഷ ഇളവുചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടി തീരുമാനമെടുത്തത് രാഷ്ട്രീയ കണക്കുകൂട്ടലോടെയായിരുന്നു.
പേരറിവാളന്‍െറ മാതാവ് അര്‍പുത അമ്മാള്‍ ജയില്‍മോചന ആവശ്യമുന്നയിച്ച് ജയലളിതയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഇവര്‍ നിവേദനം നല്‍കുന്ന ചിത്രം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അണ്ണാ ഡി.എം.കെ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
രാജീവ്ഗാന്ധി വധക്കേസില്‍ നളിനി, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മുന്‍കാലങ്ങളില്‍ എല്‍.ടി.ടി.ഇക്കെതിരെ ശക്തമായ നിലപാടാണ് ജയലളിത സ്വീകരിച്ചിരുന്നത്. തമിഴ്പുലി നേതാവ് വേലുപിള്ള പ്രഭാകരന്‍െറ വധത്തിനുശേഷം തമിഴ് സംഘടനകള്‍ ശ്രീലങ്കന്‍ പ്രശ്നമുന്നയിച്ച് തമിഴകത്തില്‍ വേരൂന്നി തുടങ്ങിയതോടെയാണ് ജയലളിതയും മൃദുസമീപനം സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളില്‍ പൊതുവെ ഡി.എം.കെ, എം.ഡി.എം.കെ, നാം തമിഴര്‍ കക്ഷി പോലുള്ള രാഷ്ട്രീയകക്ഷികള്‍ക്ക് അനുകൂലമായാണ് തമിഴ് വികാര വോട്ടുകള്‍ വീണിരുന്നത്. ഇതിനെ മറികടക്കാനാണ് പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ ജീവിതം ജയിലഴികളില്‍ തുടരുമെന്ന് ഉറപ്പായിരിക്കയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.