ശെല്‍ജയുടെ ക്ഷേത്രദര്‍ശന വിവാദം: കേന്ദ്രമന്ത്രി ക്ഷമാപണം നടത്തി

ന്യൂഡല്‍ഹി: ഗുജറാത്ത് ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കുമാരി ശെല്‍ജക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ക്ഷമാപണം നടത്തി. ക്ഷമാപണം നടത്തിയശേഷവും സഭ സ്തംഭിപ്പിക്കാന്‍ തുനിഞ്ഞ കോണ്‍ഗ്രസ് പിന്നീട് പ്രതിഷേധത്തില്‍നിന്ന് പിന്മാറി.
ശെല്‍ജ പറഞ്ഞത് കെട്ടിച്ചമച്ചതാണെന്ന് ബുധനാഴ്ച പിയൂഷ് ഗോയല്‍ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് സഭാനടപടി സ്തംഭിപ്പിച്ച കോണ്‍ഗ്രസ് വ്യാഴാഴ്ചയും പ്രതിഷേധം തുടര്‍ന്നു. വ്യാഴാഴ്ച രാജ്യസഭ ചേര്‍ന്നയുടന്‍ ഭോപാല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇതിനു പിന്നാലെ മന്ത്രി പിയൂഷ് ഗോയല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ശെല്‍ജയുടെ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സഭ നിര്‍ത്തിവെക്കാന്‍ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍ദേശിച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ സഭാരേഖ പരിശോധിച്ചുവെന്നും കുമാരി ശെല്‍ജയോടുള്ള തന്‍െറ പരാമര്‍ശത്തില്‍ ഖേദിക്കുന്നു എന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
ക്ഷമാപണത്തിന്‍െറ അടിസ്ഥാനത്തില്‍ സഭാനടപടികളില്‍ സഹകരിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ഉച്ചക്ക് കേന്ദ്രമന്ത്രി വി.കെ. സിങ് രാജ്യസഭയിലത്തെിയത് വീണ്ടും സഭാസ്തംഭനത്തിലേക്ക് നയിച്ചു. ദലിതുകളെ അപമാനിക്കുകവഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ സഭയില്‍ ഇരുത്താന്‍ അനുവദിക്കരുതെന്നും രാജിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.എസ്.പി അംഗങ്ങളാണ് സഭ സ്തംഭിപ്പിച്ചത്. അഴിമതി നിരോധ ബില്‍ ചര്‍ച്ചക്കിടയില്‍ മൂന്നു വട്ടം സഭ നിര്‍ത്തിവെച്ചിട്ടും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന ബി.എസ്.പിക്കാര്‍ തമിഴ്നാട്ടിലെ പ്രളയക്കെടുതി ചര്‍ച്ചക്ക് മറുപടി പറയാനത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അതിനനുവദിച്ചു. അതിനുശേഷം ബില്ലിന്മേലുള്ള ചര്‍ച്ചക്ക് ഉപാധ്യക്ഷന്‍ ശ്രമിച്ചെങ്കിലും ബി.എസ്.പി അനുവദിച്ചില്ല. മന്ത്രി വി.കെ. സിങ് രാജിവെക്കാനോ സഭ വിടാനോ പോകുന്നില്ളെന്നും സഭയില്‍ തുടരുമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും വ്യക്തമാക്കി. ഇതേതുടര്‍ന്ന് ബില്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന ധാരണയില്‍ സഭ മറ്റ് അജണ്ടകളിലേക്ക് കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.