മാട്ടിറച്ചി നിരോധം: മഹാരാഷ്ട്രയില്‍ എട്ടു മാസത്തിനിടെ കേസെടുത്തത് 300 പേര്‍ക്കെതിരെ

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍വന്ന മാട്ടിറച്ചി നിരോധ നിയമപ്രകാരം 300 പേര്‍ക്കെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. മഹാരാഷ്ട്ര ജന്തുസംരക്ഷണ (ഭേദഗതി) നിയമപ്രകാരം അമരാവതിയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്-54. മുംബൈയില്‍ രണ്ട് എഫ്.ഐ.ആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അറവിനായി എരുമ, കാള എന്നിവയെ കടത്തിയതിനും വില്‍പന നടത്തിയതിനും പുറമെ കന്നുകാലി മാംസം സൂക്ഷിച്ചതിനുമാണ് കേസെടുത്തത്.
കന്നുകാലി കടത്തിനും വില്‍പനക്കും അഞ്ചു വര്‍ഷം തടവും 10,000 രൂപ വരെ പിഴയുമാണ് ശിക്ഷ. കൈവശംവെച്ചാല്‍ ഒരു വര്‍ഷം തടവും 2000 രൂപ വരെ പിഴയും നല്‍കണം. മാട്ടിറച്ചി നിരോധം ചോദ്യംചെയ്ത് ജസ്റ്റിസ് അഭയ് ഓഖ, എസ്.സി. ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ നല്‍കിയ വ്യത്യസ്ത ഹരജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മാട്ടിറച്ചി ഇറക്കുമതിക്ക് വിലക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ തുകല്‍, കന്നുകാലി തോല്‍ എന്നിവ കൊണ്ടുവരുന്നത് ഹരജിക്കാര്‍ കോടതിയില്‍ ചോദ്യംചെയ്തു. കേസിന്‍െറ തുടര്‍ വിചാരണ ഡിസംബര്‍ ഒമ്പതിന് നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.