ബാങ്കോക്കില്‍ ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ നിര്‍ണായക ചര്‍ച്ച

ന്യൂഡല്‍ഹി: കശ്മീരും തീവ്രവാദവുമുള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ബാങ്കോക്കില്‍ ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉന്നതതല സംഭാഷണം. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പാക് ഉപദേഷ്ടാവ് നാസിര്‍ ജന്‍ജുവ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്. നിയന്ത്രണരേഖയിലെ സമാധാനം, ദേശീയ സുരക്ഷ, സമാധാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു. പാരിസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടന്ന ഹ്രസ്വസംഭാഷണത്തിന്‍െറ തുടര്‍ച്ചയായിരുന്നു ബാങ്കോക് ചര്‍ച്ച.

സുതാര്യവും സൗഹൃദപൂര്‍ണവുമായിരുന്നു സംഭാഷണങ്ങളെന്നും രചനാത്മകമായി ഇനിയും മുന്നോട്ടുകൊണ്ടുപോകുമെന്നും അവസാനം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പരസ്പരം പഴിചാരല്‍ നാടകത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ റദ്ദാക്കിയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച പുനരാരംഭിക്കാനായത് നയതന്ത്ര സൗഹൃദത്തിന്‍െറ വിജയമാണ്.

ജൂലൈയില്‍ റഷ്യന്‍ നഗരമായ ഊഫയില്‍ നരേന്ദ്ര മോദിയും നവാസ് ശരീഫും തമ്മില്‍ തീരുമാനിച്ച സംഭാഷണമാണ് അവസാന നിമിഷം റദ്ദായിരുന്നത്. പുതിയ സൗഹൃദത്തിന്‍െറ സൂചന നല്‍കി നവംബര്‍ 30ന് ഇരു നേതാക്കളും പാരിസില്‍ വീണ്ടും കണ്ടതോടെ ചര്‍ച്ച പുനരാരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി വിദേശകാര്യ മന്ത്രി ഈയാഴ്ച ഇസ്ലാമാബാദ് സന്ദര്‍ശിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.