ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സുഷമ പാകിസ്താനിലേക്ക്

ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ദ്വിദിന പാക് സന്ദര്‍ശനത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച അവര്‍ ഇസ്ലാമാബാദിലേക്ക് തിരിക്കും. പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ അഫ്ഗാനിസ്താന്‍ വിഷയത്തില്‍ നടത്തുന്ന ഉഭയകക്ഷി സമ്മേളനത്തിലും പങ്കെടുക്കും. നിരവധി വിഷയയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി സുഷമയെ സ്വാഗതം ചെയ്യുന്നുവെന്ന് സര്‍താജ് അസീസ് അറിയിച്ചു. ‘ഏഷ്യയുടെ ഹൃദയം’ എന്ന തലക്കെട്ടില്‍ അഫ്ഗാന്‍ പ്രശ്നത്തില്‍ നടക്കുന്ന  മന്ത്രിതല ചര്‍ച്ചയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുഷമാ സ്വരാജ് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചു. 2012ല്‍ എസ്.എം കൃഷ്ണയുടെ സന്ദര്‍ശനത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍റെ ഈ നീക്കത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ചോദ്യം ചെയ്തു. എന്തിനാണ് ഇന്ത്യ ഇത്തരം ചര്‍ച്ചകള്‍ തുടരുന്നതെന്നും തീവ്രവാദ വിരുദ്ധ ചര്‍ച്ചകളില്‍ എന്തു സംഭവിച്ചുവെന്നും ഇത്തരം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തില്ല എന്നത് ബി.ജെ.പിയുടെ നയം ആണെന്നും സിന്‍ഹ പറഞ്ഞു. സിന്‍ഹക്ക് പുറമെ കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തു വന്നു. ഇന്ത്യാ-പാക് ബന്ധം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് പ്രാധാനമന്ത്രി വ്യക്തമാക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. നമ്മള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. അതാവട്ടെ, സ്വന്തത്തോടുള്ള ആദരവില്‍ ഊന്നിയതായിരിക്കണം. ഒരിക്കല്‍ ഒരു തീവ്രവാദിയെ അയക്കുന്നു. മറ്റൊരിക്കല്‍ ഒരു നയതന്ത്രഞ്ജനെ അയക്കുന്നു. ഇങ്ങനെയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.