മനുഷ്യക്കടത്ത് അന്വേഷണത്തിന് പ്രത്യേക ഏജന്‍സി വേണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ മാത്രമായി സംഘടിത കുറ്റകൃത്യ അന്വേഷണ ഏജന്‍സി (ഒ.സി.ഐ.എ) രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അടുത്ത വര്‍ഷം ഡിസംബര്‍ ഒന്നിനകം ഏജന്‍സി നിലവില്‍ വരണമെന്നും ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
അന്തര്‍സംസ്ഥാനതലത്തിലും അന്താരാഷ്ട്ര തലത്തിലും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ ഹൈദരാബാദ് ആസ്ഥാനമായ ‘പ്രജ്വല’ എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
പെണ്‍കുട്ടികളെ കൊണ്ടുപോയതിനും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിനും കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ സമര്‍പ്പിക്കാന്‍ മുഴുവന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അതിന്‍െറകൂടി അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ ഏജന്‍സിക്കുള്ള ഉത്തരവ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് കേന്ദ്ര വനിത -ശിശുക്ഷേമ മന്ത്രാലയം നടത്തുന്ന കൂടിയാലോചന ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 16ന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര വനിത -ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറി അധ്യക്ഷനായി നിയമനിര്‍മാണത്തിന് കൂടിയാലോചന സമിതി രൂപവത്കരിച്ചിരുന്നു. വാണിജ്യ, ലൈംഗിക ചൂഷണത്തിനായുള്ള തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, മോചനം, പുനരധിവാസം തുടങ്ങി മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര നിയമനിര്‍മാണത്തിനാണ് സമിതി കൂടിയാലോചന നടത്തുന്നത്.
നിരവധി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ സംഘടിത കുറ്റകൃത്യ അന്വേഷണ ഏജന്‍സി (ഒ.സി.ഐ.എ) രൂപവത്കരിക്കാന്‍ ആലോചനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് നിര്‍ദേശങ്ങളും നിശ്ചിത സമയപരിധിക്കകം നടപ്പാക്കാന്‍ ഉത്തരവിട്ടത്. കേരളത്തില്‍ ഫേസ്ബുക് വഴിയുള്ള പെണ്‍വാണിഭം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന സുനിത കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ‘പ്രജ്വല’ 2004ലാണ് ഈ ഹരജി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.