ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ പിടിയിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍െറ വീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ വിലയേറിയ 300 കുപ്പി വിദേശമദ്യമടക്കം നിരവധിവസ്തുക്കള്‍ പിടിച്ചെടുത്തു. സസ്പെന്‍ഷനിലിരിക്കുന്ന സഞ്ജയ് പ്രതാപിന്‍െറ വീട്ടില്‍ നടന്ന റെയ്ഡില്‍ വിലയേറിയ വാച്ചുകള്‍, ഡല്‍ഹിയിലും പരിസരത്തുമായുള്ള എട്ടു വീടുകളുടെ രേഖകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയടക്കം കണ്ടെടുത്തു.
2,20,000 രൂപ കൈകൂലി വാങ്ങിയതിന് ചൊവ്വാഴ്ചയാണ് പ്രതാപ് സിങ്ങും സഹായിയും പിടിയിലായത്. ഡല്‍ഹി സര്‍ക്കാറിനുകീഴിലെ പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷക്ഷേമ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. വകുപ്പുമേധാവി സ്ഥാനത്തുനിന്ന് പ്രതാപ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്ത ഡല്‍ഹിസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് സസ്പെന്‍ഷന് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനെയും വെച്ചുപൊറുപ്പിക്കില്ളെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. നേരത്തേതന്നെ പ്രതാപ് സിങ്ങിനെ കുറിച്ച് വിവരം ലഭിച്ചിരുന്നെന്നും തെളിവില്ലാത്തതുമൂലമാണ് നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.