കെജ് രിവാളിൻെറ ഓഫീസിൽ സി.ബി.ഐ റെയ്ഡ്; മോദി മനോരോഗിയെന്ന് കെജ് രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ ഓഫീസിൽ സി.ബി.ഐ റെയ്ഡ്. ഓഫീസ് സീൽ ചെയ്താണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദർ കുമാറിനെതിരെയുള്ള കേസിലാണ് റെയ്ഡ്. മുഖ്യമന്ത്രി ഓഫീസിൽ എത്തുന്നതിന് മുമ്പാണ് സി.ബി.ഐ നടപടി. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലാണ് റെയ്ഡ് നടക്കുന്നത്.

റെയ്ഡിനെതിരെ ശക്തമായി പ്രതിഷേധിച്ച കെജ് രിവാൾ, മോദി ഭീരുവും മനോരോഗിയുമാണെന്ന് ട്വീറ്റ് ചെയ്തു. എന്നെ രാഷ്ട്രീയപരമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരം ഭീരുത്വ പ്രവർത്തി മോദി നടത്തുന്നത്. ഏതു ഫയലാണ് വേണ്ടതെന്ന് മോദി പറയട്ടെ. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് സി.ബി.ഐ എന്നെ അറിയിച്ചില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ താൻ നടപടിയെടുക്കുമായിരുന്നു എന്നും കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു. റെയ്ഡ് നടക്കുന്നുവെന്ന വിവരം കെജ് രിവാൾ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം, കെജ് രിവാളിൻെറ ഓഫീസല്ല റെയ്ഡ് നടത്തിയതെന്ന് സി.ബി.ഐ അറിയിച്ചു. റെയ്ഡുമായി കേന്ദ്ര സർക്കാറിന് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡുവും പറഞ്ഞു.

ഡൽഹിയിൽ സർക്കാർ ഉദ്യോഗത്തിൽ നിന്ന് നേരത്തെ വിരമിച്ച ഉദ്യോഗസ്ഥർ ആരംഭിച്ച സോഫ്റ്റ് വെയർ കമ്പനിയെ രജീന്ദർ കുമാർ വഴിവിട്ട് സഹായിച്ചു എന്നാണ് ആരോപണം. ഇതിനെതിരെ ഡൽഹിയിലെ ആൻറി കറപ്ഷൻ വിഭാഗം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. കെജ് രിവാളിൻെറ ഓഫീസ് സ്ഥിതി ചെയ്യുന്ന അതേ നിലയിലാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസുമുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.