പോത്തിറച്ചി കയറ്റുമതിക്കാര്‍ ബി.ജെ.പിക്ക് നല്‍കിയത് രണ്ടരക്കോടി


ന്യൂഡല്‍ഹി: പോത്തിറച്ചി കയറ്റുമതിചെയ്യുന്ന കമ്പനികളില്‍നിന്ന് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് രണ്ടരക്കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ 2013-15 സാമ്പത്തികവര്‍ഷത്തെ സംഭാവനയുടെ കണക്കിലാണ് ഈ വിവരം. 2014ലെ തെരഞ്ഞെടുപ്പുകാലത്ത് ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗോറിയോ കോണ്‍വേര്‍വ അല്ലാന ലിമിറ്റഡ്, ഇന്‍ഡാര്‍ഗോ ഫുഡ്സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പാര്‍ട്ടിക്ക് രണ്ടുകോടി രൂപ നല്‍കി. മുംബൈ കൊളാബയിലുള്ള അല്ലാന സണ്‍സ് ലിമിറ്റഡിന്‍െറ ഉപ കമ്പനികളാണ് മൂന്നും. 2014-15 കാലത്ത് ഫ്രിഗോറിഫിക്കോ അല്ലാന 50 ലക്ഷവും നല്‍കി. വിജയ ബാങ്ക് മുഖേനയാണ് പണമിടപാട് നടന്നത്. അല്ലാന സണ്‍സ് രാജ്യത്തെ ബീഫ് കയറ്റുമതിയില്‍ മുന്നില്‍നില്‍ക്കുന്ന കമ്പനിയാണ്. മാത്രമല്ല, എല്ലില്ലാത്തതും ശീതീകരിച്ചതുമായ ‘ഹലാല്‍’ പോത്തിറച്ചി ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ ലോകത്തിലെ എറ്റവുംവലിയ കമ്പനിയെന്നാണ് അല്ലാന സണ്‍സ് സ്വയം വിശേഷിപ്പിക്കുന്നത്. 20,000 രൂപക്കു മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെ കണക്ക് ഹാജരാക്കണമെന്ന് പാര്‍ട്ടികള്‍ക്ക് കമീഷന്‍െറ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് 2014-15 കാലത്തുമാത്രം ബി.ജെ.പിക്ക് 437.35 കോടി രൂപ സംഭാവന ലഭിച്ചു.ബീഫ് ഉപയോഗിക്കുന്നതിന്‍െറ പേരില്‍ സംഘ്പരിവാറും ബി.ജെ.പിയും കടുത്ത വിദ്വേഷപ്രചാരണം നടത്തുന്നതിനിടെ പുറത്തായ ഈ കണക്ക് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ദാദ്രിയില്‍ പോത്തിറച്ചി സൂക്ഷിച്ചുവെന്നുപറഞ്ഞ് ഗ്രാമീണനെ തല്ലിക്കൊന്നതും ന്യൂഡല്‍ഹിയിലെ കേരളാഹൗസില്‍ പോത്തിറച്ചി വിളമ്പിയതിന് റെയ്ഡ് നടത്തിയുമെല്ലാം സംഘ്പരിവാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഫ് കയറ്റുമതിയെ ‘പിങ്ക് റവലൂഷന്‍’ എന്നാണ് വിശേഷിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.