ഡല്‍ഹി കൂട്ട ബലാല്‍സംഗക്കേസിലെ കുട്ടിപ്രതിയെ മോചിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ കുട്ടി പ്രതിയെ  മോചിപ്പിക്കുന്നതിനെതിരെ സമര്‍പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഇതോടെ, കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പ്രതി ഞായറാഴ്ച മോചിതനാവും. 2012ല്‍ രാജ്യത്തെ നടുക്കി തലസ്ഥാനത്ത് നടന്ന കൂട്ട ബലാല്‍സംഗത്തില്‍ ആറു പേരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയും ഉള്‍പെട്ടിരുന്നു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മാരകമായ മുറിവുകളോടെ പിന്നീട് ജീവന്‍ വെടിഞ്ഞു. പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ മുറിവേല്‍പിച്ചവരില്‍ ഒരാളാണ് ഇപ്പോള്‍ 21 വയസ്സുള്ള ഈ പ്രതി.

കുട്ടിയുടെ പുനരധിവാസം സംബന്ധിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് തീരുമാനമെടുക്കുക. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ അനസുരിച്ച് പ്രതിയെ സ്പെഷല്‍ ഹോമില്‍ താമസിപ്പിക്കാനാകില്ളെന്നും ഇക്കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രതിയുടെ മാതാപിക്കാളുമായി സംസാരിക്കാമെന്നും കോടതി വ്യക്തമാക്കി. 

ശിക്ഷാ കാലാവധി അവസാനിച്ചാലും പ്രതിയെ വിട്ടയക്കരുതെന്ന് കാണിച്ച് ജ്യോതിയുടെ അമ്മ ആശാദേവിയാണ് കോടതിയെ സമീപിച്ചത്. മോചിപ്പിക്കപ്പെടുന്ന പക്ഷം അത് സമൂഹത്തിന് നല്ലതാവില്ല എന്നും അയാളുടെ മുഖം സമൂഹമധ്യേ പ്രത്യക്ഷപ്പെടുമെന്നും ഉള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല. നീതി ലഭിച്ചില്ളെന്ന് കോടതി വിധി അറിഞ്ഞ ആശാ ദേവി പ്രതികരിച്ചു.

കൊല്ലപ്പെട്ടതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ കഴിഞ്ഞ ദിവസമാണ് ഇത്ര നാളും നിര്‍ഭയ എന്ന പേരില്‍ അറിയപ്പെട്ട പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് പുറംലോകം അറിഞ്ഞത്. തന്‍റെ മകളുടെ പേര് പുറത്തു പറയാന്‍ ലജ്ജിക്കുന്നില്ളെന്നും കുറ്റം ചെയ്തവര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ലജ്ജിക്കുന്നില്ളെങ്കില്‍ പിന്നെ താനെന്തിന് എന്‍റെ മകളുടെ പേര് പുറത്തു പറയാന്‍ മടിക്കണം എന്നും ചോദിച്ച ആശാദേവി ഏറെ വികാരഭരിതയായി മകളുടെ പേര് ജ്യോതി സിങ് എന്നാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

നേരത്തെ പ്രതിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമിയും കത്തു നല്‍കിയിരുന്നു. എന്നാല്‍, ഈ ഹരജിയില്‍  ഇടപെടാനാവില്ളെന്നും കോടതി വ്യക്തമാക്കി.

കേസിലെ ആറു പ്രതികളില്‍ നാലു പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.  ഒരാള്‍ ജയിലില്‍വെച്ച് മരിക്കുകയും ചെയ്തു.

നിര്‍ഭയ സംഭവത്തോടെ ജുവനൈല്‍ കുറ്റവാളിയുടെ പ്രായവും ശിക്ഷയും സംബന്ധിച്ച് നിരവധി വിവാദങ്ങളും ചര്‍ച്ചകളും  ഉയര്‍ന്നിരുന്നു. ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന18 വയസില്‍ താഴെയുള്ള കുറ്റവാളിക്ക് മുതിര്‍ന്നവര്‍ക്കു നല്‍കുന്ന ശിക്ഷ തന്നെ നല്‍കണമെന്ന മുറവിളികളും ഉയര്‍ന്നു.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.