ഡല്‍ഹി കൂട്ടബലാത്സംഗം: കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു

ന്യൂഡൽഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു. ഇയാളെ സന്നദ്ധ സംഘടനക്ക് െെകമാറി. സുരക്ഷാ കാരണങ്ങളാൽ ഇയാളെ ഡൽഹിയിൽ തന്നെ പാർപ്പിക്കും.

അതേസമയം, ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കള്‍ കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നു. ഇന്ത്യാ ഗേറ്റിനുമുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പ്രതിഷേധവുമായെത്തിയ സംഘം ജന്തർ മന്ദറിന് മുന്നിലേക്ക് പ്രതിഷേധം മാറ്റി.

അതേസമയം, കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരായ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് മൂന്നാം കേസായി ഹരജി പരിഗണിക്കുക. കുറ്റവാളിയുടെ മോചനത്തിനെതിരെ ഡല്‍ഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് ശനിയാഴ്ച അര്‍ധരാത്രി സുപ്രീംകോടതിയെ സമീപിച്ച് സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.

കേസ് രാത്രി പരിഗണിക്കണമെന്ന വനിതാ കമീഷന്‍റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹരജി അവധിക്കാല ബഞ്ചിന് കൈമാറി ഉത്തരവിടുകയായിരുന്നു. കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ചീഫ് ജസ്റ്റിനെ സന്ദർശിക്കുകയും ചെയ്തു.

പ്രതിയുടെ സ്വദേശം ഉത്തർപ്രദേശിലെ ബദായൂനാണ്. അവിടേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും അനുവദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കേസിലെ മറ്റ് മൂന്നു പ്രതികൾ വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുകയാണ്. ഒരു പ്രതി വിചാരണക്കിടെ ജയിലിൽ ജീവനൊടുക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.