ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കാന്‍ ശിലകള്‍ കൊണ്ടുവന്ന സംഭവം രാജ്യസഭാനടപടികള്‍ സ്തംഭിപ്പിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെച്ചൊല്ലി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതിനിടയിലാണ് പ്രതിപക്ഷം രാമക്ഷേത്രവിഷയവും ഉന്നയിച്ചത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍-യു എന്നീ പാര്‍ട്ടികളാണ് രാജ്യസഭയില്‍ വിഷയമുന്നയിച്ച് ബഹളമുണ്ടാക്കിയത്.
രാമക്ഷേത്രത്തിനുള്ള ശിലകള്‍ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്നുണ്ടെന്ന് ശൂന്യവേളയില്‍ ഉന്നയിച്ച ജനതാദള്‍-യുവിലെ കെ.സി. ത്യാഗി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശിലകള്‍ കൊണ്ടുവരുന്നത്. മോദിസര്‍ക്കാറില്‍നിന്ന് രാമക്ഷേത്രം ഇപ്പോള്‍ നിര്‍മിക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞിട്ടുണ്ടെന്ന് ത്യാഗി ഓര്‍മിപ്പിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍ 1990 മുതല്‍ കൊണ്ടുപോകുന്നതാണെന്നും അതില്‍ ശില്‍പങ്ങള്‍ കൊത്തുന്ന പണി അന്ന് മുതല്‍ക്കേയുണ്ടെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചു.
തര്‍ക്കത്തില്‍ കോടതിതീരുമാനം സ്വീകരിക്കപ്പെടണം എന്ന നിലപാടാണ് ബി.ജെ.പിക്കും സര്‍ക്കാറിനുമുള്ളതെന്നും നഖ്വി പറഞ്ഞു. മറുപടിയില്‍ തൃപ്തരാകാതെ ‘ഉത്തര്‍പ്രദേശില്‍ കലാപത്തിനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പാര്‍ട്ടിയും സര്‍ക്കാറും കോടതിവിധി അംഗീകരിക്കാമെന്ന് നഖ്വി പറഞ്ഞശേഷം ഒരു ആശയക്കുഴപ്പമില്ളെന്നും ശൂന്യവേള തടസ്സപ്പെടുത്തരുതെന്നും ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പ്രതിഷേധക്കാരോട് പറഞ്ഞു. അംഗങ്ങള്‍ പിന്മാറാന്‍ തയാറാകാതെവന്നപ്പോള്‍ 10 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവെച്ചു. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ അന്തരീക്ഷമുണ്ടാക്കുന്നതില്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ പ്രധാന പങ്കുവഹിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. പുതിയ സാഹചര്യത്തിന് കേന്ദ്രസര്‍ക്കാറും യു.പി സര്‍ക്കാറുമാണ് ഉത്തരവാദികളെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.