വെല്ലുവിളി ഭയക്കാതെ കീര്‍ത്തി ആസാദ്


ന്യൂഡല്‍ഹി: ക്രിക്കറ്റും രാഷ്ട്രീയവുമായുള്ള അവിഹിത ബന്ധങ്ങള്‍ക്കെതിരെ പലപ്പോഴും തുറന്ന് അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളയാളാണ് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ കീര്‍ത്തി ആസാദ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ മുമ്പും ആസാദ് വിമര്‍ശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളായ അരുണ്‍ ജെയ്റ്റ്ലിയോട് തനിക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ചത് കഴിഞ്ഞദിവസമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുതെന്നും അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പിക്കെതിരെയല്ല, ക്രിക്കറ്റ് രംഗത്തെ വഴിവിട്ട കളികള്‍ക്കെതിരെയാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ ബിഹാറിലെ പൂര്‍ണിയക്കാരനായ കീര്‍ത്തി ആസാദ്, ബിഹാറിലെ മുന്‍മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്‍െറ മകനാണ്. സമ്പന്ന ജമീന്ദാര്‍ കുടുംബം. 350 ഏക്കര്‍ വരുന്ന ഭൂമി സ്വാതന്ത്ര്യസമര പോരാട്ടത്തിന് വേണ്ടി വിറ്റുതുലക്കാന്‍ 1857ല്‍ ആര്‍ജവംകാണിച്ച പൂര്‍വികരുടെ പാരമ്പര്യമാണ് തന്‍േറതെന്ന് കീര്‍ത്തി ആസാദ് പറയും. അതുകൊണ്ട് പറയാനുള്ളത് പറയും; ആര്‍ക്കും മുമ്പില്‍ കുനിയില്ല.
ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സിലെ ചരിത്രപഠനവും ക്രിക്കറ്റും ഒപ്പം കൊണ്ടുപോയ കീര്‍ത്തി ആസാദ്, ആദ്യമായി ലോകകപ്പ് നേടിയ 1983ലെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ക്രിക്കറ്റില്‍നിന്ന് വിരമിച്ചാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ബിഹാറിലെ ദര്‍ഭംഗയില്‍നിന്ന് മൂന്നുവട്ടം ലോക്സഭയിലത്തെി. ഡല്‍ഹിയില്‍ 1993ല്‍ എം.എല്‍.എയുമായിരുന്നു.
അഴിമതിയെക്കുറിച്ച് താന്‍ ഇതുവരെ പറഞ്ഞതും നല്‍കിയ തെളിവുകളുമൊന്നും ബി.ജെ.പി എന്തെങ്കിലും വഴിവിട്ട് ചെയ്തുവെന്നല്ല വിശദീകരിക്കുന്നതെന്ന് 56 കാരനായ കീര്‍ത്തി ആസാദ് പറയുന്നു.
 ധനമന്ത്രിയുടെയോ പാര്‍ട്ടിയില്‍ മറ്റാരുടെയെങ്കിലുമോ പേര് താന്‍ പറഞ്ഞിട്ടില്ല. പിന്നെ പാര്‍ട്ടി തനിക്കെതിരെ എന്തുകൊണ്ട് നീങ്ങിയെന്നാണ് കീര്‍ത്തി ആസാദ് ചോദിക്കുന്നത്.
ലളിത് മോദി വിവാദം കത്തിനിന്നപ്പോള്‍, പാര്‍ട്ടിയില്‍ ആരോ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയായിരുന്നെന്ന് ആസാദ് ട്വീറ്റ് ചെയ്തിരുന്നു. ജെയ്റ്റ്ലി വിരുദ്ധ പക്ഷം പാര്‍ട്ടിയില്‍ ആസാദിനെ മനസ്സാ പിന്തുണക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് ഇപ്പോള്‍ സ്വാധീനശക്തി കുറവ്. അതുപക്ഷേ, കീര്‍ത്തി ആസാദിന്‍െറ ധൈര്യം ചോര്‍ത്തുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.