അഹ്മദാബാദ്: താൻ ചെയ്ത തെറ്റെന്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.പി കീർത്തി ആസാദ്.
എനിക്ക് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. പക്ഷെ ആരേയും വെട്ടിലാക്കാൻ ഉദ്ദേശിക്കുന്നില്ല. ആളുകളെ പിന്നിൽ നിന്ന് കുത്താൻ തനിക്ക് താൽപര്യമില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് എന്നെ സസ്പെൻഡ് ചെയ്തത്. എന്നാൽ അതെന്താണെന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നില്ല. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിനാണോ തനിക്കെതിരെ നടപടി? അദ്ദേഹം ചോദിക്കുന്നു.
ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ സഹായത്തോടെ പാർട്ടി നൽകിയ നോട്ടീസിന് ഇന്ന് തന്നെ മറുപടി നൽകുമെന്നും ആസാദ് പറഞ്ഞു.
മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനാണ് ബി.ജെ.പി എം.പി കീർത്തി ആസാദിനെ സസ്പെൻഡ് ചെയ്തത്. പാർട്ടിയെയും സർക്കാറിന് നേതൃത്വം നൽകുന്നവരെയും ആക്ഷേപിച്ചെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ കണ്ടെത്തൽ. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിക്കെതിരായ തെളിവുകൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കീർത്തി ആസാദ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. വിഷയം പ്രതിപക്ഷം പാർലമെന്‍റിൽ ഉന്നയിച്ചത് ഭരണ, പ്രതിപക്ഷ ബഹളത്തിന് വഴിവെക്കുകയും ചെയ്തു. ഇതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.